സഊദി തൊഴില്‍ മന്ത്രാലയ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ട് മൂന്നാഴ്ച പിന്നിട്ടു; പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിയാതെ അധികൃതര്‍
റിയാദ്: സഊദി തൊഴില്‍ മന്ത്രാലയ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ട് മൂന്നാഴ്ച പിന്നിടുമ്പോഴും സേവനങ്ങള്‍ പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ കഴിയാതെ അധികൃതര്‍. ശമൂണ്‍ വൈറസ് ആക്രമണത്തില്‍ കഴിഞ്ഞ മാസം പ്രവര്‍ത്തനരഹിതമായ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വെബ്‌സൈറ്റാണ് മൂന്നാഴ്ച പിന്നിടുമ്പോഴും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാത്തത്. സഊദിയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രധാന സ്വകാര്യ സ്ഥാപനങ്ങളുടെയും കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ക്കു നേരെയാണ് വൈറസ് ആക്രമണമുണ്ടായത്.
തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത് വിദേശികളുടെ ഇഖാമ പുതുക്കല്‍ തടസ്സപ്പെടുന്നതിന് ഇടയാക്കി. വിദേശികളുടെ വര്‍ക് പെര്‍മിറ്റിനെ ആഭ്യന്തരമന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങളായ അബ്ശിറും മുഖമീമുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്തതാണ് ഇഖാമ പുതുക്കല്‍ തടസ്സപ്പെടാന്‍ കാരണം. ഇതുമൂലം നിരവധി വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് സാധിച്ചിട്ടില്ല. ഇഖാമ പുതുക്കാന്‍ കഴിയാത്തതിനാല്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി ജയിലലടക്കപ്പെടുന്നതിനും നാടുകടത്തുന്നതിനും വിധേയരായേക്കുമെന്ന ഭീതിയിലാണ് ഇഖാമ കാലാവധി അവസാനിച്ച വിദേശികള്‍. തൊഴിലാളികളുടെ ഇഖാമ പുതുക്കാത്തത് തൊഴിലുടമകള്‍ക്കും തടവും പിഴയും ലഭിക്കുന്ന കുറ്റവുമാണ്.
ഇഖാമ കാലാവധി അവസാനിച്ച തൊഴിലാളികള്‍ നിയമലംഘകരെ പോലെയാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഒരു കമ്പനിയില്‍ 35 തൊഴിലാളികളുടെ ഇഖാമ കാലാവധി അവസാനിച്ചതിനാല്‍ ഇവ പുതുക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പ്രമുഖ സ്വകാര്യ കരാര്‍ കമ്പനിയിലെ ഗവണ്‍മെന്റ് റിലേഷന്‍സ് ഉദ്യോഗസ്ഥന്‍ നായിഫ് അല്‍ഹര്‍ബി പറഞ്ഞു. നിശ്ചിത സമയത്ത് ഇഖാമ പുതുക്കാത്തതിന് ജവാസാത്ത് ഡയറക്ടറേറ്റിന് 35,000 റിയാല്‍ പിഴ ഒടുക്കേണ്ടിവരും. ഇഖാമ കാലാവധി അവസാനിച്ച തൊഴിലാളികളെ ജോലിക്കു വയ്ക്കുന്ന തൊഴിലുടമകള്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിച്ചേക്കുമെന്നും നായിഫ് അല്‍ഹര്‍ബി പറഞ്ഞു.
അതേസമയം, പ്രശ്‌നത്തിന് എന്ന് പരിഹാരമാകുമെന്നു പോലും ഇതുവരെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഇഖാമ പുതുക്കാത്തവര്‍ക്ക് ജവാസാത്ത് 500 റിയാല്‍ വീതമാണ് പിഴ ചുമത്തുന്നത്. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ആയിരം റിയാല്‍ പിഴ ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."