ശബരി റെയില്‍പാത പരിഷ്‌കരിച്ച അലൈന്‍മെന്റ് നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: 2013ല്‍ പരിഷ്‌കരിച്ച അലൈന്‍മെന്റ് പ്രകാരം നിര്‍ദിഷ്ട ശബരി റെയില്‍പ്പാത പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്. പുതുക്കിയ അലൈന്‍മെന്റിനെതിരേ അങ്കമാലി - എരുമേലി റെയില്‍പ്പാത ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
റെയില്‍വേ ആദ്യം തയാറാക്കിയ അലൈന്‍മെന്റിനെതിരേ പ്രതിഷേധമുയര്‍ന്നപ്പോള്‍ 2013ല്‍ അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് അലൈന്‍മെന്റ് മാറ്റം നിര്‍ദേശിച്ചത്. ഇതു പരിശോധിച്ച് റെയില്‍വേ അനുമതിയും നല്‍കി. അന്നൊന്നും ഇതിനെ എതിര്‍ക്കാതിരുന്ന ഹരജിക്കാര്‍ അഞ്ചുവര്‍ഷത്തിനുശേഷം ഇപ്പോള്‍ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് റെയില്‍വേ വിശദീകരിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് പരിശോധിക്കുന്ന പ്രഗതി പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ശബരിപ്പാതയെന്നും റെയില്‍വേ വ്യക്തമാക്കിയിരുന്നു. ഇവ കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തീരുമാനം.
അങ്കമാലിയില്‍നിന്ന് തുടങ്ങുന്ന പാതയുടെ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് തര്‍ക്കമുണ്ടായത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലായും ഈരാറ്റുപേട്ടയും ഒഴിവാക്കി അന്തിനാട്, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി വഴി പാത പൂര്‍ത്തിയാക്കുന്നതരത്തില്‍ അലൈന്‍മെന്റ് തയാറാക്കുകയായിരുന്നു. എന്നാല്‍, 19 വര്‍ഷം മുന്‍പ് റെയില്‍വേ അംഗീകരിച്ച അലൈന്‍മെന്റ് മാറ്റി പുതുക്കിയ അലൈന്‍മെന്റനുസരിച്ച് പാത നിര്‍മിക്കുന്നത് 350 കോടിയുടെ അധികച്ചെലവുണ്ടാക്കുമെന്നും ചില രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഈ നടപടിയെന്നും ആരോപിച്ച് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."