വടവാതൂര്‍ മാലിന്യനിക്ഷേപകേന്ദ്രം: മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങി ആക്ഷന്‍ കൗണ്‍സില്‍
കോട്ടയം: വടവാതൂര്‍ മാലിന്യ നിക്ഷേപ കേന്ദ്രം തുറന്നു നല്‍കണമെന്നുള്ള മുന്‍സിഫ് കോടതി വിധിയ്‌ക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍.
വടവൂതൂരിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ യാതൊരു കാരണവശാലും മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നു ഉറച്ച നിലപാടിലാണു ആക്ഷന്‍ കൗണ്‍സില്‍. മുന്‍സിഫ് കോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ സി.പീറ്റര്‍ പറഞ്ഞു.നിലവില്‍ മാലിന്യ നിക്ഷേപ കേന്ദ്രവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. ഇതിനിടയിലാണു കോട്ടയം മുന്‍സിഫ് കോടതി വിധി പ്രസ്താവിച്ചത്. മാലിന്യ സംസ്‌കരണ കേന്ദ്രം തുറക്കാന്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു.
ഡമ്പിംഗ് യാര്‍ഡില്‍ തുറന്നു നല്‍കണമെന്നാവശ്യപ്പെട്ടു നഗരസഭ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണു സംസ്‌കരണ കേന്ദ്രം തുറന്നു കൊടുക്കാന്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ജഡ്ജി ടി. സഞ്ചു ഉത്തരവിട്ടത്. വിജയപുരം പഞ്ചായത്തിനു 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. നഗരസഭയിലെ ജീവനക്കാര്‍ക്കു സംസ്‌കരണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാമെന്നു ഉത്തരവില്‍ പറയുന്നുണ്ട്. നഗരത്തിലെ മാലിന്യം വടവാതൂരില്‍ എത്തിക്കാമെയെന്നതില്‍ വ്യക്തതയില്ല.
മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് വിജയപുരം പഞ്ചായത്തിലാണെങ്കിലും നഗരസഭയുടെ ഉടമസ്ഥതയിലാണ്. വടവാതൂരില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ വര്‍ഷങ്ങളായി ആക്ഷന്‍ കൗണ്‍സിലും പഞ്ചായത്തും സമരമുഖത്തായിരുന്നു. 2013 ഡിസംബര്‍ 31നു മാലിന്യ കേന്ദ്രം പഞ്ചായത്ത് പൂട്ടി. പ്രദേശത്തെ ജനജീവിതം ദുസഹമാകുന്നുവെന്ന കാരണത്തില്‍ ഭരണസമിതിയും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ സമരത്തെത്തുടര്‍ന്നാണു പൂട്ടിയത്. നഗരസഭയും പഞ്ചായത്തും തമ്മിലുണ്ടാക്കിയ കരാര്‍ കലാവധി അവസാനിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. നഗരത്തിലെ മാലിന്യം തള്ളാന്‍ പകരം സംവിധാനം കണ്ടെത്തണമെന്നായിരുന്നു കരാര്‍. വിജയപുരം പഞ്ചായത്ത് വിധിയ്‌ക്കെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."