ക്ഷീരപഥത്തിനു പുറത്തും ഗ്രഹങ്ങള്‍
വാഷിങ്ടണ്‍: ക്ഷീരപഥത്തിനു പുറത്തും ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രസംഘം. അമേരിക്കയിലെ ഓക്‌ലഹോമ സര്‍വകലാശാലയിലെ ഗവേഷക സംഘമാണു ചരിത്രപരമായ കണ്ടുപിടിത്തത്തിനു പിന്നില്‍. നാസയുടെ ചാന്ദ്ര എക്‌സ്‌റേ നിരീക്ഷണകേന്ദ്രത്തിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഒരുകൂട്ടം ജ്യോതിശാസ്ത്രജ്ഞര്‍ ഇത്തരമൊരു നിര്‍ണായക വിവരം കണ്ടെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ക്ഷീരപഥത്തിനു പുറത്ത് ഗ്രഹങ്ങള്‍ കണ്ടെത്തുന്നത്.
ക്ഷീരപഥത്തിനു പുറത്തെ വസ്തുക്കളെ കണ്ടെത്താനായാണ് ഗവേഷകര്‍ ഇത്തരമൊരു ഉദ്യമത്തിനു തുടക്കമിട്ടത്. സൂക്ഷ്മവസ്തുക്കളെ കാണാവുന്ന നിരീക്ഷണ സംവിധാനങ്ങളും ദൂരദര്‍ശിനികളും സംഘം ഇതിനായി ഉപയോഗപ്പെടുത്തി. കാംബ്രിഡ്ജിലെ സ്മിത്ത്‌സോണിയന്‍ ആസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍നിന്നു നിയന്ത്രിക്കുന്ന ബഹിരാകാശ ദൂരദര്‍ശിനിയാണ് നാസയുടെ ചാന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി. ഇതില്‍നിന്നു ലഭിച്ച വിവരങ്ങളാണു പുതിയ നിരീക്ഷണത്തിലേക്കു നയിച്ചതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഷിന്‍യു ദായ്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ എഡ്വാര്‍ഡോ ഗ്യൂറസ് എന്നിവര്‍ പറഞ്ഞു.
പുതിയ കണ്ടുപിടിത്തം ആശ്ചര്യകരമാണെന്ന് ഷിന്‍യു ദായ് പറഞ്ഞു. 'ഭൂമിയില്‍നിന്ന് 3.8 ബില്യന്‍ പ്രകാശവര്‍ഷം ദൂരത്താണ് ക്ഷീരപഥം നിലകൊള്ളുന്നത്. അതിനുമപ്പുറത്ത് ഏതെങ്കിലും ഗ്രഹം കണ്ടെത്താന്‍ നേരിയ സാധ്യതപോലുമുണ്ടായിരുന്നില്ല. നമുക്കു ലഭ്യമായ ഏറ്റവും നൂതനമായ ദൂരദര്‍ശിനി ഉപയോഗിച്ചുപോലും ശാസ്ത്ര ഫിക്ഷനുകള്‍ വരെ ഇത്തരമൊരു നിരീക്ഷണം നടത്തിയിട്ടില്ല.'-എഡ്വാര്‍ഡോ ഗ്യൂറസ് പറഞ്ഞു.
അമേരിക്കയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ദി ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സ് ' ആണു ഗവേഷകസംഘം തയാറാക്കിയ പഠനം പുറത്തുവിട്ടത്. പുതുതായി കണ്ടെത്തിയ ഗ്രഹങ്ങളെ കുറിച്ചു കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകസംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."