ആ പാല്‍പുഞ്ചിരി പ്രപഞ്ചത്തിന്റെ ഊര്‍ജമാണ്
നിഷ്‌കളങ്കതയുടെ പ്രതീകമായ പിഞ്ചുബാല്യങ്ങള്‍ക്കു നേരെയുള്ള കൊടുംക്രൂരതകളും മനുഷ്യത്വരഹിതമായ പീഡനങ്ങളും ദിനംപ്രതി പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പന്തലിക്കുകയാണ്്. പിഞ്ചുപൈതലിന്റെ പൂപ്പുഞ്ചിരി പ്രപഞ്ചസത്യത്തിന്റെ വികാരോഷ്മളമായ ആവിഷ്‌കാരമാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടുപോലും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമവും ലൈംഗികവാണിഭവും കാരണം പൈശാചികതയുടെ ആസുരതയില്‍ വെന്തുരുകുന്ന കാഴ്ചകളാണു നമുക്കു മുമ്പിലുള്ളത്. അമ്മിഞ്ഞപ്പാലിന്റെ മധു പകരേണ്ട മാതൃമടിത്തട്ടും വാത്സല്യത്തിന്റെ തെളിനീരൊഴുക്കേണ്ട പിതൃകരങ്ങളും കുട്ടികള്‍ക്കു പേടിപ്പെടുത്തുന്ന രാക്ഷസരൂപങ്ങളായി രൂപാന്തരം പ്രാപിച്ചതിനു തെളിവുകള്‍ നിരത്തേണ്ടതില്ല.
ഇരയെത്തേടി കാമക്കഴുകന്മാര്‍ ഒരുവശത്തു വട്ടമിട്ടു പറക്കുമ്പോള്‍, മറുവശത്തു സംരക്ഷണം നല്‍കുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യേണ്ടവര്‍തന്നെ കൊത്തിനുറുക്കാന്‍ വെമ്പല്‍കൊള്ളുകയാണ്. സ്വന്തം ചോരപ്പൈതലിനെ മാതാപിതാക്കള്‍തന്നെ വാണിജ്യവസ്തുവാക്കുന്ന മഹാപാതകം ഈ പരിഷ്‌കൃതയുഗത്തിലും ശക്തമാണ്. അമ്മത്തൊട്ടിലുകളിലും റോഡരികുകളിലും വലിച്ചെറിയപ്പെടുന്ന കുഞ്ഞുങ്ങളും വിരളമല്ല.
തെരുവുകളിലും കച്ചവടസ്ഥാപനങ്ങളിലും ശാരീരിക, മാനസിക പീഡനങ്ങള്‍ക്കും ഹീനമായ ചെയ്തികള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയരാക്കപ്പെടുന്നവരും പുറംലോകമറിയാത്ത കണക്കുകളുടെ ഭാഗമാണ്. ഭരണകൂടം, നിയമം, നീതിന്യായ വ്യവസ്ഥ, ക്രമസമാധാനപാലനം, കുടുംബജീവിതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം കടുത്ത ജാഗ്രതയും മാറ്റത്തിരുത്തലുകളും അതിശക്തമായ ഉത്തരവാദിത്വനിര്‍വഹണവും തദനുസൃതമായ നടപടികളും ഉടനടി അനിവാര്യമായിത്തീര്‍ന്നിരിക്കുന്നുവെന്നു ബോധ്യപ്പെടുത്തുന്ന ദാരുണസംഭവങ്ങളാണു കേരളത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഈയിടെയായി കുട്ടികള്‍ക്കെതിരേ നടമാടിയിട്ടുള്ളത്.
ഓരോ കുട്ടിക്കും സ്വന്തംകുടുംബത്തില്‍ വളരാനുള്ള അവകാശമുണ്ടെന്നും കുട്ടിയുടെ സമ്പൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ വ്യക്തിത്വവികസനത്തിനു കുട്ടി സന്തോഷവും സ്‌നേഹവും പരസ്പരധാരണയുമുള്ള കുടുംബാന്തരീക്ഷത്തില്‍ വളരണമെന്നും ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. 1989 ലെ കുട്ടികളുടെ അവകാശ ഉടമ്പടി അടിവരയിടുന്നതും കുട്ടികളുടെ വളര്‍ച്ചയിലും വികാസത്തിലും മാതാപിതാക്കള്‍ക്ക് ഒരുപോലെ പൊതുവായ ഉത്തരവാദിത്വമുണ്ടെന്നാണ്. കുട്ടികളുടെ കസ്റ്റഡി അനുവദിക്കാനുള്ള 1890 ലെ ഗാര്‍ഡിയന്‍ ആന്റ് വാര്‍ഡ്‌സ് ആക്റ്റും 1984 ലെ കുടുംബകോടതി നിയമവും 2000 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റും കുട്ടികളുടെ ക്ഷേമത്തിനുള്ളതാണ്. നിയമാവലികളും ഭരണഘടനാവകുപ്പുകളും നിരവധിയുണ്ടെങ്കിലും പരിഷ്‌കൃതരാജ്യങ്ങളിലടക്കം ബാലപീഡനവും ബാലവേലയും നിര്‍ബാധം തുടരുകയാണ്.
സ്വര്‍ഗീയാനുഭൂതികള്‍ തത്തിക്കളിക്കുന്ന വസന്തോത്സവമായിട്ടാണു പൊതുവെ കുട്ടിക്കാലത്തെ നിര്‍വചിച്ചുവരുന്നത്. മാലാഖമാര്‍ ചിറകുതാഴ്ത്തി തണലിട്ടു കൊടുക്കുന്ന, പ്രകൃതി പൂമെത്ത വിരിച്ചുകൊടുക്കുന്ന, മധുവും മലരും കതിരും കുളിരും കൂട്ടുകാരായി കിന്നരിച്ചു നടക്കുന്ന സൗഭാഗ്യനാളുകളാണു ബാല്യകാലം. എന്നാല്‍, പേക്കിനാവുകളും കരിനിഴലുകളും വിടാതെ പിന്തുടരുന്ന ലോകത്താണ് ഇന്നു പിഞ്ചുബാല്യങ്ങള്‍ പിച്ചവയ്ക്കുന്നതും വിദ്യാര്‍ഥികള്‍ വിറങ്ങലിച്ചു രാപ്പകലുകള്‍ തള്ളിനീക്കുന്നതും കലിമൂത്ത സമൂഹത്തിന്റെ കൂരമ്പുകളും വിഷാസ്ത്രങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ഒലിവര്‍ട്വിസ്റ്റ് എന്ന കുട്ടിയെ ചാള്‍സ് ഡിക്കന്‍സ് അവതരിപ്പിക്കുന്നുണ്ട്.
വിധിയുടെ നീരാളിപ്പിടിത്തത്തിനിടയിലും അതിജീവനം തേടുന്ന നിക്കോളയുടെയും ജാക്കോപോയുടെ ദുരിതകഥയാണ് എ.ജെ ക്രോണിന്റെ 'ടു ജെന്റില്‍മെന്‍ ഓഫ് വെറോണ'. എന്നാല്‍, ബാലപീഡനത്തിന്റെയും വിദ്യാര്‍ഥിചൂഷണത്തിന്റെയും നേരനുഭവങ്ങളാണു വര്‍ത്തമാനകാല പരിസരത്തെമ്പാടുമുള്ളത്. ചവിട്ടിമെതിക്കപ്പെട്ടു പിച്ചിചീന്തപ്പെടുന്ന ബാല്യങ്ങളുടെ ആര്‍ത്തനാദങ്ങളും ദീനരോദനങ്ങളുമാണു നമ്മുടെ ജീവിത സാഹചര്യങ്ങളെ വല്ലാതെ മലീമസമാക്കുന്നത്. വീടും സ്‌കൂളും നാടും നഗരവും അവര്‍ക്കിന്നു കുരുതിക്കളമാണ്.
കുടുംബബന്ധങ്ങളില്‍ വന്നുചേരുന്ന വിള്ളലുകളും വീഴ്ചകളും കുട്ടികളുടെ ജീവിതപ്രയാണം ഇരുള്‍മുറ്റിയതാക്കുകയാണ്. മാതാപിതാക്കള്‍ക്കിടയിലുണ്ടാകുന്ന ചെറിയ പൊരുത്തക്കേടുകള്‍ വലിയ വിപത്തുകളാണു കുട്ടികളുടെ സൈ്വര്യജീവിതത്തിലും വിദ്യാഭ്യാസത്തിലും ഉണ്ടാക്കിതീര്‍ക്കുന്നത്. പരസ്പരം അകലാന്‍ തീരുമാനിക്കുന്ന ദമ്പതിമാര്‍ കുടുംബകോടതിയിലെത്തുന്നതോടെ ഇവരുടെ ദുരിതം പൂര്‍ണമാവുന്നു. പിന്നീടു നടക്കുന്ന പിടിവലികളില്‍പെട്ടു പഠനം മുടങ്ങുകയും സ്വാസ്ഥ്യം നഷ്ടമാവുകയും ചെയ്തു ചക്രശ്വാസം വലിക്കേണ്ടി വരുന്നു.
മുമ്പു കുടുംബങ്ങളുടെ ഏകീകരണത്തിന് കാരണമായത് കുട്ടികളായിരുന്നു. ശിഥിലബന്ധങ്ങള്‍ ഇഴചേര്‍ത്തതും അവര്‍ത്തന്നെ. കുടുംബഭദ്രതയ്ക്കായി ഏതു പ്രതിബദ്ധതകളെയും മറികടക്കാന്‍ പോന്ന സ്‌നേഹസ്വരൂപങ്ങളായിരുന്നു അവര്‍.
ഈ അവസ്ഥയില്‍നിന്നുമുള്ള കുതറിമാറലാണു കുട്ടികളുടെ അനാഥത്വത്തിനും മാനസികപീഡനങ്ങള്‍ക്കും വഴിതുറന്നത്. വിവിധ സാഹചര്യങ്ങളില്‍ വീട്ടില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന 'ലാച് കീ ചില്‍ഡ്രന്‍' അനുഭവിക്കുന്ന അതിഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് ഇപ്പോഴും പഠനം നടക്കുകയാണ്.
സര്‍ഗാത്മകത പൂത്തുലയേണ്ട കലാലയമുറ്റങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിന്നു വിഹ്വലതയുടെ കേന്ദ്രങ്ങളാണ്. സ്‌കൂളുകളും കോളജുകളും കേന്ദ്രമാക്കി വലയെറിയുന്ന സെക്‌സ് റാക്കറ്റുകള്‍ വ്യാപകമായിരിക്കുകയാണ്. സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം വിദ്യാര്‍ഥികളുടെ മനോഭാവത്തിലും നിലപാടുകളിലും കാര്യപ്രസക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അറിവും സംസ്‌കാരവുമല്ല; മാര്‍ക്കും റാങ്കുമാണു പ്രധാനമെന്ന സാമൂഹികബോധം വിദ്യാര്‍ഥികളിലെ ഹൃദയത്തിലെ നന്മ വറ്റുന്നതിന് കാരണമായിട്ടുണ്ട്.
സ്‌നേഹവും വാത്സല്യവും വഴിഞ്ഞൊഴുകേണ്ട വീട്ടകങ്ങള്‍പോലും കുട്ടികള്‍ക്കു സുരക്ഷിതത്വമില്ലാത്ത ഇടമാണ്. കോഴിക്കോട് ബിലാത്തികുളത്തെ അതിഥി എസ്.ദേവ്, കുമളി ഒന്നാം മൈലിലെ ഷഫീഖ്, കാമുകനൊപ്പം സുഖജീവിതം കൊതിച്ച മാതാവിനാല്‍ കഴുത്തറുത്തുകൊല്ലപ്പെട്ട ഇരട്ടപ്പൈതങ്ങള്‍ പുനര്‍വിവാഹത്തിനായി മാതാവിനാല്‍ കിണറ്റിലെറിഞ്ഞു കൊല്ലപ്പെട്ട കുട്ടികള്‍, ഇത്തരം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഇടവേളകളില്ലാതെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പത്‌നിയെയും പിഞ്ചുമക്കളെയും കാല്‍കൊണ്ടു വെള്ളത്തില്‍ ചവിട്ടിതാഴ്ത്തി കൊലപ്പെടുത്താന്‍ സിനിമാ മാതൃക സ്വീകരിച്ച പിതാവിനെക്കുറിച്ചുള്ള വാര്‍ത്തയും ഇതിനോടു ചേര്‍ത്തുവായിക്കണം. നൊന്തുപെറ്റ പൊന്നോമനയെ കൊന്നു കൊലവിളിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് എന്തുകൊണ്ടാണ്. സംരക്ഷണവും സുരക്ഷിതത്വവും കെഞ്ചിക്കേഴുന്ന ബാല്യങ്ങളിലേക്കും ഇനിയും ഉറക്കമുണരാതെ കെടുകാര്യസ്ഥതയുടെ പര്യായമായിത്തീര്‍ന്ന സാമൂഹികമനോഭാവത്തിലേക്കുമല്ലേ ഇവ വിരല്‍ചൂണ്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."