നാടാകെ പൂത്തെങ്കിലും മണ്ണില്‍ തളിരിടാനാകാതെ നാട്ടുമാവുകള്‍
കല്‍പ്പറ്റ: വീണ്ടുമൊരു മാമ്പഴക്കാലം വന്നെത്തി. കടക്കല്‍ കത്തിവീഴാത്ത മുത്തശ്ശി മാവുകള്‍ ഇലകള്‍ കാണാത്ത വിധം പൂത്തൊരുങ്ങി. കണ്ണിമാങ്ങാ കാലമെത്തുന്നതിന് മുമ്പേ, നാട്ടുമാവിന്റെ രുചിക്ക് വില പറഞ്ഞ് പാട്ടകച്ചവടക്കാരും കച്ചമുറുക്കി രംഗത്തെത്തി. എന്നാല്‍ ഒരു കാലത്ത് വ്യാപക കാഴ്ചയായിരുന്ന നാട്ടുമാവുകള്‍ ഇന്ന് അപൂര്‍വ കാഴ്ചയായികൊണ്ടിരിക്കുകയാണ്.
മാവിന് പുറമേ, തനിനാടന്‍ ഫലവൃക്ഷങ്ങളും ഇല്ലാതായികൊണ്ടിരിക്കുകയാണ്. നേരത്തെ വയനാടന്‍ മണ്ണില്‍ യഥേഷ്ടം വിളഞ്ഞിരിന്ന ഫലവൃക്ഷങ്ങളുടെ കടക്കല്‍ പല കാരണങ്ങളാല്‍ കത്തി വീണതാണ് നാട്ടുമാവിന്റെ രുചി അന്യമാക്കുന്നത്. കൂടാതെ വിത്തുല്പാദനം പാടെ ഇല്ലാതാകുന്നതും തനി വയനാടന്‍ നാട്ടുമാവുകളെ മണ്ണില്‍ നിന്ന് തുടച്ചുമാറ്റുന്നതിന് കാരണമാകുന്നുണ്ട്. നിലവില്‍ കാലപ്പഴക്കം ചെന്ന നാട്ടുമാവുകളധികവും റോഡരികുകളില്‍ പി.ഡബ്ല്യു.ഡി അധീനതയിലും സ്കൂള്‍ അങ്കണങ്ങളിലുമാണ്. സര്‍ക്കാര്‍ അധീനതയിലുള്ള ഫലവൃക്ഷങ്ങള്‍ തുച്ഛമായ വിലക്ക് പാട്ടത്തിന് നല്‍കുകയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെയ്യുന്നത്.
പാട്ടത്തിനെടുക്കുന്നവര്‍ കണ്ണിമാങ്ങാ പ്രായമെത്തുമ്പോള്‍ തന്നെ വിളവെടുക്കുന്നത് കാരണം പുതിയ നാട്ടുമാവുകള്‍ മുളയ്ക്കാനുള്ള സാധ്യത ഇല്ലാതാകുകയാണ്. മാങ്ങ പഴുത്ത് വീണ്, മണ്ണില്‍ പുതഞ്ഞാണ് പുതിയ മാവുകളുണ്ടാകുന്നത്. ലാഭക്കൊതി മാത്രമുള്ള കച്ചവട താല്പര്യം പുതിയ മാവുകളുടെ ഉല്പാദനമാണ് ഇല്ലാതാക്കുന്നത്.
വയനാടന്‍ നാട്ടുമാവിന്റെ രുചി കണ്ണിമാങ്ങാ രൂപത്തിലും തുറമാങ്ങാ പരുവത്തിലും വിദേശങ്ങളില്‍ ഉള്‍പെടെ എത്തുന്നുണ്ടെങ്കിലും നിലവിലുള്ള നാട്ടുമാവുകള്‍ ഇല്ലാതാകുന്നതോടെ മാമ്പഴ രുചിക്കും മറ്റു ഫലവര്‍ഗങ്ങള്‍ പോലെ വയനാട്ടുകാര്‍ മറ്റു നാടുകളെ ആശ്രയിക്കേണ്ടി വരുമെന്ന് പഴമക്കാര്‍ പറയുന്നു.
ഇത്തവണ തണുപ്പ് ശക്തമായതോടെ നാട്ടുമാവുകള്‍ മിക്കതും മാമ്പഴക്കാലമൊരുക്കാന് പാകത്തില്‍ പൂത്തിട്ടുണ്ട്.
എന്നാല്‍ വരും തലമുറക്ക് നാട്ടുമാവിന് രുചി അത്യപൂര്‍വമാകാന്‍ കച്ചവടക്കണ്ണുകളും കാത്തിരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."