ലൈഫ് പാര്‍പ്പിട സുരക്ഷാ പദ്ധതി ജില്ലയില്‍ സര്‍വേ 18, 19 തിയതികളില്‍
മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട സുരക്ഷാ പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ജില്ലയിലെ സര്‍വേ 18, 19 തിയതികളില്‍ നടക്കും.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ജീവനോപാധിയോട് കൂടിയ ഫളാറ്റുകളും വീടില്ലാത്തവര്‍ക്ക് 600 ചതുരശ്ര അടിയിലുള്ള വീടുകളും അടുത്ത അഞ്ചുവര്‍ഷത്തിനകം നിര്‍മിച്ചു നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ലൈഫ്. ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഏപ്രില്‍ 30 നകം പരാതികളില്ലാത്ത അന്തിമപട്ടിക പൂര്‍ത്തിയാക്കി അംഗീകാരം നേടാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ അതാത് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് സര്‍വേ നടത്തുക. 2011ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സെന്‍സസില്‍ ഭവന രഹിതരായി കണ്ടെത്തിയവരുടെയും അടുത്തകാലത്തായി ത്രിതലപഞ്ചായത്തുകള്‍ തയാറാക്കിയ ഭവനരഹിതരുടെ പട്ടികയും ആസ്പദമാക്കിയാണ് സര്‍വേ നടത്തുക. ഈ പട്ടികളില്‍ ഉള്‍പെട്ടിട്ടില്ലാത്ത അര്‍ഹരായവരെയും കണ്ടെത്തി പുതിയ പട്ടികയിലുള്‍പ്പെടുത്തും.
അതാത് വാര്‍ഡകളില്‍ അര്‍ഹരായ ഒരാള്‍പോലും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടചുമതല എ.ഡി.എസിനാണ്. മാനസികവെല്ലുവിളി നേരിടുന്നവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, മാരകരോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, വിധവകള്‍ എന്നിവര്‍ക്കായിരിക്കും പദ്ധതിയില്‍ മുന്‍ഗണന ലഭിക്കുക.
കുടുബശ്രീ പ്രവര്‍ത്തകര്‍ തയാറാക്കുന്ന പട്ടികയുടെ പത്ത് ശതമാനം ഗ്രാമപഞ്ചായത്ത് വി.ഇ.ഒമാര്‍ പുന:പ്പരിശോധനക്ക് വിധേയമാക്കി തെറ്റുകള്‍ വന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയും പിന്നീട് ജില്ലാതല പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് പട്ടിക പ്രസിദ്ധീകരിക്കുക. പിന്നീട് ഇവ പരിശോധിച്ച് ആക്ഷേപങ്ങള്‍ നല്‍കാനും പരിഹരിക്കാനും പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും. ഗ്രാമ പഞ്ചായത്തുകള്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്താണ് അന്തിമ പട്ടികക്ക് അംഗീകാരം നല്‍കുക.
ആദ്യഘട്ട സര്‍വേ ഈമാസം 26 നകവും അന്തിമപട്ടിക ഏപ്രില്‍ 30 നകവും നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഒരു വര്‍ഡില്‍ സര്‍വേ നടത്തുന്നതിനായി 50 പേര്‍ക്ക് രണ്ടു പേരടങ്ങുന്ന ഒരു ഗ്രൂപ്പാണ് വീടുകള്‍ കയറി വിവരങ്ങള്‍ ശേഖരിക്കുക. ഒരു ഫോറം പൂരിപ്പിച്ചു നല്‍കുന്നതിന് 20 രൂപയാണ് കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."