യു.ഡി.എഫ് യോഗങ്ങളിലുണ്ടായത് കസേരയെടുത്ത് ചെല്ലേണ്ട അനുഭവം: വീരേന്ദ്രകുമാര്‍
തലശ്ശേരി: യു.ഡി.എഫ് യോഗത്തിന് പോകുമ്പോള്‍ ഒരു കസേരയും എടുത്ത് പോകേണ്ട ഗതികേടാണ് ഒന്‍പത് വര്‍ഷവും ഉണ്ടായതെന്ന് ജെ.ഡി.(യു) സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍. തലശ്ശേരി ഗോകുലം ഫോര്‍ട്ടില്‍ ജെ.ഡി.(യു) ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു മുന്നണിയില്‍ നിന്നപ്പോള്‍ യു.ഡി.എഫിലുണ്ടായ അവസ്ഥയുണ്ടായിട്ടില്ല. എല്‍.ഡി.എഫിലുണ്ടായപ്പോള്‍ കിട്ടിയ സീറ്റുകള്‍ പോലും യു.ഡി.എഫില്‍ വന്നപ്പോള്‍ കിട്ടിയില്ല. കൈയിലുണ്ടായിരുന്ന ബാങ്ക് ഭരണം പോലും നഷ്ടപ്പെടുകയാണുണ്ടായത്. രാജ്യ സഭാ സീറ്റ് തന്നത് കോണ്‍ഗ്രസിന്റെ ഔദാര്യമല്ല.
തോല്‍ക്കുന്ന സീറ്റുകളാണ് യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നത്. മട്ടന്നൂരും എലത്തൂരും തങ്ങള്‍ മത്സരിച്ചത് തോല്‍ക്കുമെന്ന് അറിഞ്ഞ് കൊണ്ടു തന്നെയാണ്. ഇപ്പോള്‍ തങ്ങള്‍ ഒരു മുന്നണിയിലുമില്ല. പൂജ്യരായ തങ്ങള്‍ ഇന്ന് സംപൂജ്യരാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ല. മുന്നണി മാറ്റ ചര്‍ച്ച കൗണ്‍സില്‍ യോഗത്തില്‍ വന്നപ്പോള്‍ എല്ലാ അംഗങ്ങളും യു.ഡി.എഫില്‍ തുടരേണ്ടതില്ലെന്ന തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ.പി മോഹനന്‍ അധ്യക്ഷനായി. വി.കെ കുഞ്ഞിരാമന്‍, പി.കെ പ്രവീണ്‍, രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."