അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ കര്‍ശനമായി നേരിടും: മുഖ്യമന്ത്രി
തിരുവനന്തപുരം: അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം ആക്രമണങ്ങളെ അമര്‍ച്ച ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കവി കുരീപ്പുഴ ശ്രീകുമാറിനെതിരേയുണ്ടായ ആര്.എസ്.എസ് ആക്രമണം മുല്ലക്കര രത്നാകരനാണ് സബ്മിഷനായി സഭയില്‍ അവതരിപ്പിച്ചത്. സംഭവം അതീവഗൗരവമുള്ളതാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് വര്‍ധിച്ച തോതിലുള്ള ആക്രമണങ്ങളാണ് കുറേക്കാലമായി ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശീയവ്യാപകമായി ആക്രമണങ്ങള്‍ നടക്കുകയാണ്.
ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വസംരക്ഷണവും നല്‍കുമെന്ന കാര്യത്തില്‍ ആരുംസംശയിക്കേണ്ടതില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ട്.
ജനാധിപത്യത്തെയും മതനിരപേക്ഷതയേയും മാനിക്കുന്ന പ്രബുദ്ധമായ കേരളജനത സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."