HOME
DETAILS

എന്തുകൊണ്ട് കണ്ണടകള്‍ വിവാദമാവുന്നു

  
backup
February 06 2018 | 22:02 PM

whyglassesin-controversy-today

ആരോഗ്യ മന്ത്രി കെ.കെ ശൈലജ 28,000 രൂപയ്ക്കു കണ്ണട വാങ്ങിയതിനു പിന്നാലെ ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ എം.എല്‍.എമാരുടെ കണ്ണടകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ദേ ഇപ്പോള്‍ സ്പീക്കറുടെ 49,900 രൂപയുടെ കണ്ണടയില്‍ എത്തിനില്‍ക്കുന്നു. എന്തുകൊണ്ട് ജനപ്രതിനിധികളുടെ കണ്ണടകള്‍ വിവാദമാകുന്നു. അതിനു കാരണം ധൂര്‍ത്തു മാത്രമാണോ.


ധൂര്‍ത്തു മാത്രമല്ല, വിവാദത്തിനു മറ്റൊരു കാരണം കൂടിയുണ്ട്. സത്യത്തില്‍, ഇവര്‍ വലിയതുകയുടെ കണ്ണടവാങ്ങിയതില്‍ വലിയ തെറ്റില്ല. കൂടുതല്‍ എഴുത്തും വായനയും യാത്രയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കലുമൊക്കെ ചെയ്യുന്നവര്‍ക്കു കണ്ണിന്റെ ആയാസം കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള കണ്ണട ആവശ്യമാണ്. കാഴ്ചക്കുറവും വെള്ളെഴുത്തുമുള്ളവര്‍ക്കു പ്രോഗ്രസീവ് ലെന്‍സുകളാണു സ്വാഭാവികമായും നല്‍കാറുള്ളത്. ഇത്തരത്തിലുള്ള ലെന്‍സുകള്‍ക്ക് ആയിരം മുതല്‍ അഞ്ചു ലക്ഷം രൂപവരെ വിലയുണ്ട്. സ്പീക്കറുടേതുപോലെ ഫ്രെയിംലെസ് കണ്ണടയ്ക്കു കൂടുതല്‍ കരുത്തുള്ള ലെന്‍സ് വേണം. ഉപയോഗമനുസരിച്ചുള്ള വിവിധ കോട്ടിങ്ങും ലെന്‍സിനു നല്‍കുമ്പോള്‍ സ്വഭാവികമായും വലിയ തുക തന്നെയാവും.


ജനപ്രതിനിധികള്‍ പഴി കേള്‍ക്കുന്നതിനു കാരണം കുത്തഴിഞ്ഞുകിടക്കുന്ന നമ്മുടെ ആരോഗ്യമേഖലയാണ്. ഏറെ സൗകര്യവും ആനുകൂല്യങ്ങളും ഇളവുകളും കിട്ടുന്നവരാണു മന്ത്രിമാരും സ്പീക്കറുമെല്ലാം. വിദഗ്ധവും ഗുണനിലവാരവുമുള്ള ചികിത്സ അവര്‍ക്കു ലഭിക്കുന്നത് പണം പ്രശ്‌നമല്ലാത്തതിനാലാണ്. പണം പോകുന്നത് അവരുടെ കൈയില്‍നിന്നല്ലാത്തതിനാല്‍ ചികിത്സയുടെ ഭാരം അവര്‍ അറിയുന്നില്ല. അത് എത്ര ആയിരമാണെങ്കിലും ലക്ഷങ്ങളാണെങ്കിലും കോടികളാണെങ്കിലും പൊതുഖജനാവില്‍നിന്നു കൊടുത്തുകൊള്ളും.


ഇതേ ചികിത്സയൊക്കെ കിട്ടാന്‍, ഇതൊരു ജനാധിപത്യരാജ്യമായതിനാല്‍, ഇവിടത്തെ സാധാരണപൗരനും അവകാശമുണ്ടല്ലോ. അവര്‍ അത്തരം വിദഗ്ധചികിത്സയ്ക്കും ഗുണനിലവാരമുള്ള കണ്ണടയ്ക്കും മറ്റും പോകുന്നെങ്കിലുള്ള അവസ്ഥ എന്തായിരിക്കും. അവന്റെ കിടപ്പാടം പണയംവച്ചാലും ബാക്കി തുകയ്ക്കു തെണ്ടേണ്ടിവരും.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രമേ കണ്ണടയ്ക്കുള്ള തുക റീംഇംപേഴ്‌സ് ചെയ്യാന്‍ സാധിക്കൂവെന്നതു കൊണ്ടാവാം മന്ത്രിയും സ്പീക്കറും അഞ്ചുവര്‍ഷം നിലനില്‍ക്കുന്ന കണ്ണട വാങ്ങിയത്. പക്ഷേ, ആരോഗ്യ മന്ത്രി പറഞ്ഞ അഞ്ചുവര്‍ഷത്തേക്കുള്ള കണ്ണടയെങ്ങനെയുള്ളതാണെന്നു കണ്ണുഡോക്ടര്‍മാര്‍ക്കുപോലും മനസ്സിലായിട്ടില്ല. ആറുമാസത്തിനോ കൂടിയത് ഒരു വര്‍ഷത്തിനോ ഇടയില്‍ കാഴ്ച പരിശോധന നടത്തണമെന്നാണു സാധാരണമനുഷ്യരോട് ഡോക്ടര്‍മാര്‍ പറയുക.

മന്ത്രിയും സ്പീക്കറുമൊക്കെ പ്രത്യേക പരിഗണനയുള്ള വ്യക്തികളായതു കൊണ്ടാവാം അവരുടെ നേത്രപരിശോധന അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തിയാല്‍ മതിയെന്നു നിര്‍ദേശിക്കുന്നത്.എം.എല്‍.എമാരുടെ ചികിത്സാചെലവിനു നിയന്ത്രണമേര്‍പ്പെടുത്തിയ ജയിംസ് കമ്മിറ്റി പോലും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കണ്ണടയ്ക്കു 10,000 രൂപവരെ നല്‍കാമെന്നു പറയുമ്പോഴും കണ്ണടയുടെ പവറിലുണ്ടാവുന്ന വ്യത്യാസമനുസരിച്ചു പണമനുവദിക്കാമെന്നു പറയുന്നുണ്ട്. മാത്രമല്ല, സാരമായ കുഴപ്പമുള്ളതിനാലാണു വലിയ വിലയുടെ കണ്ണട വാങ്ങിയതെന്നാണ് ഇവര്‍ പറഞ്ഞത്. കണ്ണിനു സാരമായ കുഴപ്പമുള്ളവര്‍ നിര്‍ബന്ധമായും വര്‍ഷത്തിലൊരിക്കലെങ്കിലും നേത്രപരിശോധന നടത്തണം.
ഇനി, അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രം രണ്ടാം പരിശോധന മതിയെന്ന മട്ടില്‍ അത്രയും നൂതനവും വിദഗ്ധവുമായ ചികിത്സ ലഭിക്കുന്ന സ്ഥാപനമുണ്ടെങ്കില്‍ അതു വ്യക്തമാക്കിയാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് വര്‍ഷന്തോറും വലിയ തുക കണ്ണടമാറ്റലിനായി മാറ്റിവയ്ക്കുന്നതിനു പകരം അഞ്ചുവര്‍ഷക്കണ്ണട വാങ്ങാമല്ലോ.
മന്ത്രിക്കും മറ്റും വിദഗ്ധചികിത്സ ലഭിക്കുമ്പോഴും പാവപ്പെട്ടവന്റെ വിദഗ്ധചികിത്സാ സ്വപ്നം ഇന്നും കൈയെത്താദൂരത്താണ്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ പ്രാഥമിക നേത്രചികിത്സാ സൗകര്യങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ്. സാധാരണജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍പോലും ഇതിനായി പരിശ്രമിക്കുന്നില്ല.


നിയമസഭയില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാത്രം ദൂരെയാണു കേരളത്തിലെ ഏക സര്‍ക്കാര്‍ കണ്ണാശുപത്രി. സര്‍ക്കാര്‍ കണ്ണാശുപത്രി എന്ന പേരു മാറ്റി റിജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയെന്നൊക്കെയാക്കി മാറ്റിയിട്ടുണ്ടെങ്കിലും 1905ല്‍ സ്ഥാപിച്ച കണ്ണാശുപത്രിക്ക് ഇപ്പോഴും പേരില്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളിലൊന്നാണിത്. കണ്ണിനുള്ളിലെ നേത്രാന്തരപടലത്തിന്റെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ (വിട്രിയോ റെറ്റിനല്‍ സര്‍ജറി) നടത്തുന്ന കേരളത്തിലെ ഏക ആശുപത്രിക്ക് പേരിലൂടെ ആധുനികമുഖം നല്‍കിയെങ്കിലും നൂതനസൗകര്യങ്ങളൊരുക്കാന്‍ ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ല.


തിരക്കു കാരണം സ്വസ്ഥമായി പരിശോധന നടത്താനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി നേത്രപരിശോധകര്‍ക്കു മനുഷ്യാവകാശ കമ്മിഷനില്‍ വരെ പോവേണ്ടി വന്ന സംഭവമുണ്ടായിട്ടുണ്ട്. പ്രാഥമികപരിശോധകരുടെ തസ്തിക സൃഷ്ടിച്ചിട്ടു പതിനെട്ടു വര്‍ഷം കഴിഞ്ഞു. നിരവധി നേത്രപരിശോധകരുടെ ആവശ്യമുണ്ട്. നിലവില്‍ ആരോഗ്യവകുപ്പിന്റെ വിവിധ ആശുപത്രികളിലായി 334 തസ്തികകളും ജില്ലാ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ 28 തസ്തികകളും മാത്രമാണുള്ളത്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നേത്രപരിശോധകരില്ലാത്തതിനാല്‍ അന്ധതാനിവാരണ പ്രവര്‍ത്തനംപോലും അവതാളത്തിലാണ്.


ലോകാരോഗ്യ സംഘടനപോലും അന്ധതാനിവാരണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് അത് ആരംഭിച്ച രാജ്യത്താണിതു സംഭവിക്കുന്നത്. സഞ്ചരിക്കുന്ന കണ്ണാശുപത്രികളും മറ്റു സൗകര്യങ്ങളും വിദഗ്ധരുടെ കുറവു മുലം നശിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും കണ്ണാശുപത്രികളും ഒപ്റ്റിക്കല്‍സുകളും കൂണുപോലെ മുളയ്ക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. ഒരു നിയന്ത്രണവുമില്ലാതെ ശാസ്ത്രീയവിദ്യാഭ്യാസം പോലുമില്ലാത്തവര്‍ നേത്രപരിശോധരാവുകയാണ്. പെട്ടിക്കടകള്‍ പോലുള്ള ക്ലിനിക്കുകളില്‍ നേത്രശസ്ത്രക്രിയകളും മറ്റും നടക്കുന്നത് ആരോഗ്യവകുപ്പു കണ്ടില്ലെന്നു നടിക്കുകയാണ്.


2013ല്‍ കുന്നംകുളം താലൂക്കില്‍ തിമിരശസ്ത്രക്രിയയ്ക്ക് വിധേയരായ നാലുപേരുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞവര്‍ഷം ആയിരത്തോളം പേര്‍ക്ക് ശസ്ത്രക്രിയയിലൂടെ കാഴ്ചനഷ്ടപ്പെട്ടു. ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയ നടത്തിയ സംഭവം വരെയുണ്ടായി. കണ്ണടശാലകളുടെ കാര്യവും ഇതുപോലെ തന്നെ. സര്‍ക്കാരിനു കണ്ണാശുപത്രികളുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒറ്റ കണ്ണടശാലയുമില്ല. സര്‍ക്കാരാശുപത്രികളില്‍ കണ്ണടവില്‍പന ശാലകളുണ്ടെങ്കിലും അവ സ്വകാര്യസ്ഥാപനങ്ങളാണു നടത്തുന്നത്. അതുകൊണ്ടു ന്യായവിലയ്ക്കു കണ്ണട ലഭിക്കില്ല. ആര്‍ക്കും തോന്നിയ വിലയ്ക്കു കണ്ണടയും കോണ്‍ടാക്ട് ലെന്‍സും നല്‍കാം. കൃത്യമായ പരിശോധനയില്ലാതെ കണ്ണട ലഭിക്കുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങളുണ്ട്.


അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഒപ്‌ടോമെട്രിസ്റ്റുകള്‍ നല്‍കുന്ന പ്രിസ്‌ക്രിപ്ഷന്‍ അപ്‌ലോഡ് ചെയ്താലേ ഇത്തരം സൈറ്റുകളില്‍നിന്നു കണ്ണട ലഭിക്കൂ. അവിടെയൊക്കെ കണ്ണടവില്‍പ്പന സ്ഥാപനം തുടങ്ങാന്‍ ലൈസന്‍സും കൃത്യമായ സര്‍ട്ടിഫിക്കറ്റും വേണം. തെറ്റായ ചികിത്സ രോഗിയുടെ കാഴ്ചയെടുക്കും. നമ്മുടെ നാട്ടില്‍ കണ്ണട ചികിത്സയുടെ ഭാഗമായി ഭരണകൂടം കണ്ടിട്ടില്ലെന്നതാണു സത്യം. ഈ പുതിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജനങ്ങളുടെ കാഴ്ച സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനാവണം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  40 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago