ട്രോളിങ് നിരോധനം കേരളത്തില്‍ 47 ദിവസമായി തുടരും
ന്യൂഡല്‍ഹി: 47 ദിവസമെന്ന ട്രോളിങ് നിരോധന കാലയളവ് ദീര്‍ഘിപ്പിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി. കേരളത്തിന്റെ നിലപാട് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചിന്റെ നടപടി. ട്രോളിങ് നിരോധനം 61 ദിവസമാക്കണമെന്നാവശ്യപ്പെട്ട് ഗോവ എന്‍വയണ്‍മെന്റ് ഫെഡറേഷന്‍ നല്‍കിയ ഹരജി തള്ളിയാണ് ഉത്തരവ്. സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. മോട്ടോര്‍ ബോട്ടുകളിലല്ലാതെ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികള്‍ക്ക് നിരോധനമേര്‍പ്പെടുത്തരുതെന്ന വാദം കോടതി അംഗീകരിച്ചു.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും 47 ദിവസത്തില്‍ കൂടുതല്‍ ട്രോളിങ് നിരോധിക്കാനാവില്ലെന്നും കേരളം ഉറച്ച നിലപാടെടുത്തു. വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എണ്‍പതുകള്‍ മുതല്‍ തന്നെ കേരളത്തില്‍ ഇത്തരത്തിലാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. കാലവര്‍ഷം ആദ്യമെത്തുന്നത് കേരളത്തിലാണെന്നും കേരളം അറിയിച്ചു. ഇതേ തുടര്‍ന്നാണ് സംസ്ഥാന പട്ടികയില്‍ വരുന്ന കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയത്. കേരളവും കര്‍ണാടകയുമാണ് ട്രോളിങ് നിരോധന കാലാവധി നീട്ടാനാവില്ലെന്ന് നിലപാടറിയിച്ചത്. എന്നാല്‍ 61 ദിവസമാക്കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി ചോദിച്ചതിനെ തുടര്‍ന്ന് കര്‍ണാടകം നിലപാട് മാറ്റുകയായിരുന്നു. അതേസമയം, ഗോവ, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ട്രോളിങ് നിരോധനം 61 ദിവസമാക്കാമെന്ന് സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."