ലളിതകലാ അക്കാദമി ഭരണസമിതി പിരിച്ചുവിടണം
അടുത്തടുത്ത ദിവസങ്ങളിലുണ്ടായ മൂന്നു ദുരനുഭവങ്ങള്‍ കേരളത്തിന്റെ വര്‍ത്തമാനകാല ദുരവസ്ഥയെയാണു സൂചിപ്പിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരികപാരമ്പര്യത്തിനേറ്റ കനത്ത പ്രഹരം തന്നെയായിരുന്നു പ്രസ്തുത സംഭവങ്ങള്‍. ചിത്രകാരന്‍ അശാന്തന്റെ മരണത്തെ തുടര്‍ന്നുണ്ടായ നടുക്കമുളവാക്കുന്ന സംഭവം, ജാതിമതില്‍ സംഘര്‍ഷം, കവി കുരീപ്പുഴ ശ്രീകുമാറിനു നേരെയുണ്ടായ കൈയേറ്റം... ഇവയെല്ലാം ഒരു ഗൂഢാലോചനയുടെ അനന്തരഫലങ്ങളാണെന്നു കരുതേണ്ടിയിരിക്കുന്നു.
അശാന്തന്റെ മൃതദേഹം ക്ഷേത്രത്തിനു മുന്നിലൂടെ കൊണ്ടുപോകാന്‍ അനുവദിക്കുകയില്ലെന്നു പറഞ്ഞ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ക്ഷേത്രത്തിനു പിന്നിലെ ഇടുങ്ങിയ വഴിയിലൂടെ പ്രയാസപ്പെട്ടു കൊണ്ടുപോയി ലളിതകലാ അക്കാദമിയുടെ ഒരു വശത്ത് മൃതദേഹം പൊതുദര്‍ശനത്തിനെന്ന പേരില്‍ കിടത്തി ആ കലാകാരനെ അവഹേളിക്കുകയായിരുന്നു. വ്യക്തിജീവിതത്തിലും പൊതുരംഗത്തും ഒരാള്‍ക്കും അലോസരം സൃഷ്ടിക്കാതെ ജീവിച്ച കലാകാരന്റെ മൃതദേഹം ഏതാനും ആര്‍.എസ്.എസുകാര്‍ അപമാനിച്ചിട്ടും കാഴ്ചക്കാരായി നോക്കിനിന്ന കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജനും സെക്രട്ടറി പൊന്ന്യം ചന്ദ്രനും തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.
അത്തരമൊരു അക്കാദമിയില്‍ തുടരുവാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണു കവയത്രിയും ചിത്രകാരിയുമായ കവിതാബാലകൃഷ്ണന്‍ എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവച്ചത്. സംഘ്പരിവാര്‍ ഭീഷണിക്കു മുന്നില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴിലുള്ള സാംസ്‌കാരികസ്ഥാപനം വഴങ്ങിക്കൊടുക്കുന്നതു ഞെട്ടലോടെയല്ലാതെ കേള്‍ക്കാനാവില്ല. സംഘ്പരിവാര്‍ നടത്തിയ അതിക്രമത്തെ പ്രസ്താവനയിലൂടെയെങ്കിലും പ്രതിഷേധിക്കാന്‍ ചെയര്‍മാനോ സെക്രട്ടറിയോ തയാറായില്ലെന്നതും ഏറെ നടുക്കമുളവാക്കുന്നു. കവിതാബാലകൃഷ്ണന്റെ മാതൃക പിന്‍തുടര്‍ന്നു ശില്‍പിയും കവിയുമായ പോള്‍ കല്ലാനോടും രാജിവയ്‌ക്കേണ്ടതാണ്.
സംഘ്പരിവാര്‍ നടത്തിയ നഗ്നമായ വര്‍ഗീയതക്കെതിരേ ലളിതകലാ അക്കാദമി കൈക്കൊണ്ട മൃദുസമീപനമാണ് അവരെ കൊച്ചിയിലെ വടയമ്പാടിയില്‍ നടന്ന ദലിത് ആത്മാഭിമാനസംഗമത്തെ ആക്രമിക്കാന്‍ ഊര്‍ജം നല്‍കിയതെന്നു വേണം കരുതാന്‍. സംഘ്പരിവാര്‍ പ്രകോപനങ്ങള്‍ക്കെതിരേ പാട്ടുപാടിയും നൃത്തം ചെയ്തും ഇരയുടെ കൂടെ എന്ന സ്റ്റിക്കര്‍ പതിച്ചുമല്ല പോരാടേണ്ടത്. പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ചു കാളവണ്ടി ഉന്തുന്ന രാഷ്ട്രീയസമരങ്ങളെപ്പോലെ അശ്ലീലമായിരിക്കുന്നു അത്തരം പ്രതിഷേധങ്ങള്‍.
ഫാസിസത്തിനെതിരേയുള്ള ചെറുത്തുനില്‍പ്പ് ദുര്‍ബലമായിക്കൊണ്ടിരിക്കുന്നുവെന്ന സന്ദേശമാണ് ഇത്തരം പ്രതിഷേധങ്ങള്‍ അടയാളപ്പെടുത്തുന്നത്. കേരളത്തിന്റെ സാംസ്‌കാരികതലസ്ഥാനമെന്നും പൂരങ്ങളുടെ നാടെന്നും അഹങ്കരിക്കുന്ന തൃശൂരിനേറ്റ കളങ്കം കൂടിയാണിത്. വടയമ്പാടിയിലെ ദലിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ തടഞ്ഞ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ തൊടാതെ കണ്‍വന്‍ഷന്‍ നടത്താനെത്തിയ ദലിത്പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിലൂടെ സമൂഹത്തിനു പൊലിസില്‍ നിന്നു കിട്ടുന്ന സൂചന നല്ലതല്ല. പൊലിസിന്റെ തലപ്പത്തുവരെ വര്‍ഗീയത ഫണം വിടര്‍ത്തിയാടുന്നുവെന്നാണോ മനസ്സിലാക്കേണ്ടത്.
ജാതിമതില്‍ പ്രശ്‌നത്തില്‍ ദലിത് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലിസ് സംഘ്പരിവാര്‍ പ്രവര്‍ത്തകരോടു സൗമ്യമായി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉന്നതോദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും അനങ്ങിയില്ല. ലളിതകലാ അക്കാദമിയില്‍ അശാന്തന്റെ മൃതദേഹത്തോടു കാണിച്ച അനാദരവില്‍ സംഘ്പരിവാറിനെതിരേ നടപടിയുണ്ടാകാതിരുന്നതാണു വടയമ്പാടിയില്‍ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്ക് ഊര്‍ജം നല്‍കിയത്. ഇവിടെയും നടപടി ഉണ്ടാകാത്തതിനാലാണു കുരീപ്പുഴ ശ്രീകുമാറിനെ അക്രമിക്കുവാന്‍ പ്രചോദനമായത്.
അശാന്തന്റെ മരണത്തെയും വടയമ്പാടി സംഭവത്തെയും സ്പര്‍ശിച്ച് കുരീപ്പുഴ പ്രസംഗിച്ചതാണു സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയതത്രേ. എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോര്‍ക്കര്‍ എന്നിവരെ കൊന്നിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടാകാതിരിക്കുന്നത് ആക്രമികള്‍ക്കു കുരീപ്പുഴയെ അക്രമിക്കാന്‍ പ്രചോദനമായിട്ടുണ്ടാകും. ഈ സംഭവങ്ങളിലൊക്കെയും ഇടതുസര്‍ക്കാര്‍ കാണിച്ച നിസ്സംഗതയും, ദുരനുഭവങ്ങള്‍ക്ക് നാന്ദി കുറിച്ച ലളിതകലാ അക്കാദമിയും ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയം മാത്രമല്ല കേരളമിപ്പോള്‍. എതിര്‍ക്കുന്നവനെ ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ കേരളത്തിലും തയ്യാറായിരിക്കുന്നു.
കേരളത്തിലെ ഔദ്യോഗിക വിഭാഗങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നതിനെതിരേ രൂക്ഷമായ സമരം തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. കേരള ലളിതകലാ അക്കാദമി ഭരണ സമിതിയെ എത്രയും പെട്ടെന്ന് പിരിച്ചുവിട്ട് കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകത്തോട് നീതി പുലര്‍ത്താന്‍ മുഖ്യമന്ത്രി തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."