ജനാദ്രിയ ഉല്‍സവത്തില്‍ താരമായി ഇന്ത്യ; സഊദി ഇന്ത്യ ബന്ധത്തെ പുകഴ്ത്തി സുഷമ സ്വരാജ്
ജിദ്ദ: സഊദി നാഷണല്‍ ഗാര്‍ഡ് സംഘടിപ്പിക്കുന്ന 32ാമത് ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവലില്‍ താരമായി ഇന്ത്യ. ഇന്ത്യ വിശിഷ്ടാതിഥിയായി പങ്കടുക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥിയായി. ഇന്ത്യ -സഊദി ബന്ധത്തെയും സംസ്‌കാരിക വിനിമയങ്ങളെയും അനുസ്മരിപ്പിക്കുന്ന കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ജനാദ്രിയ ഫെസ്റ്റിവല്‍.
ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥിരാഷ്ട്രമായി ക്ഷണിച്ച സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സംസാരിച്ച സുഷമ സ്വരാജ് കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ സൗദി സന്ദര്‍ശനമാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ വഴിത്തിരിവായതെന്ന് അവര്‍ അനുസ്മരിച്ചു. അതുവരെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സുമ്പൂര്‍ണ ഉഭയകക്ഷി സഹകരണാക്കി മാറ്റാന്‍ അതിലൂടെ സാധിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമായതിന്റെ അടയാളമാണ് ജനാദ്രിയ ഫെസ്റ്റിവലിലേക്ക് അതിഥി രാഷ്ട്രമായി ഇന്ത്യയ്ക്ക് ലഭിച്ച ക്ഷണമെന്നും അവര്‍ പറഞ്ഞു.
മേഖലയിലെ വെല്ലുവിളികള്‍ക്കും നശീകരണ ശക്തികള്‍ക്കുമിടയില്‍ രാജ്യത്തെ രാഷ്ട്രീയമായും സുരക്ഷാകാര്യങ്ങളിലും സാമ്പത്തികമായും മുന്നോട്ടുനയിക്കാന്‍ സഊദി ഭരണനേതൃത്വത്തിന് സാധിച്ചതായി അവര്‍ പറഞ്ഞു. തീവ്രവാദത്തെയും ഭീകരവാദത്തെയും ശക്തമായി നേരിടാന്‍ സഊദിക്ക് സാധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അനിവാര്യമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 30 ലക്ഷം ഇന്ത്യക്കാരാണ് സഊദിയുടെ സാമ്പത്തിക പുരോഗതിയില്‍ മഹത്തായ സംഭാവനകള്‍ നല്‍കി സഊദിയില്‍ ജോലി ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. സല്‍മാന്‍ രാജാവാണു സഊദിയുടെ സുപ്രധാന ദേശീയ ഉല്‍സവങ്ങളിലൊന്നായ ജനാദ്രിയ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്. പുരാതന അറബ് സംസ്‌കൃതിയുടെ അടയാള ചിഹ്നമായ ഒട്ടകയോട്ടത്തോടെയായിരുന്നു 21 ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് തുടക്കമായത്. ഇന്ത്യയ്ക്ക് പുറമെ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."