ചരിത്ര ദൗത്യത്തില്‍ മലയാളി ടച്ച്
ബംഗളൂരു: രാജ്യം ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്ന നിമിഷമായിരുന്നു ഇന്നലെ. 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ബഹിരാകാശ ചരിത്രത്തില്‍ ഇന്ത്യ നേടിയത് ചെറിയൊരു നേട്ടം മാത്രമല്ല. അതേസമയം ഐ.എസ്.ആര്‍.ഒയുടെ കരുത്തിന് പിന്നില്‍ മലയാളത്തിന്റെ കൈയ്യൊപ്പുമുണ്ടെന്നത് മറ്റൊരു നേട്ടംകൂടിയാണ്.
ദൗത്യത്തിലെ നിര്‍ണായകമായ ഘട്ടങ്ങളുടെ ചുമതല വഹിച്ചത് മലയാളി ശാസ്ത്രജ്ഞരായിരുന്നു.
ഇന്നലത്തെ ദൗത്യത്തിന്റെ ഡയരക്ടര്‍ തിരുവനന്തപുരം കളിയിക്കാവിള കീഴ്കുളം സ്വദേശി ബി.ജയകുമാറായിരുന്നു. ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ചത് ചരിത്ര നേട്ടമെന്ന് അദ്ദേഹം വിക്ഷേപണ ശേഷം പ്രതികരിച്ചു. 2013ലെ ഇന്ത്യയുടെ അഭിമാന പദ്ധതിയായ മംഗള്‍യാന്‍ ദൗത്യത്തിന്റെ പര്യവേക്ഷണ വാഹനത്തെ ഭ്രമണപഥത്തിലെത്തിച്ച പി.എസ്.എല്‍.വി സി-25ന്റെ ഡയരക്ടറും ജയകുമാറായിരുന്നു.
വിക്ഷേപണം നടന്ന ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ ഡയരക്ടര്‍ കണ്ണൂര്‍ സ്വദേശിയായ പി. കുഞ്ഞിക്കൃഷ്ണനാണ്. ഒന്നര വര്‍ഷം മുന്‍പാണ് അദ്ദേഹം ഈ ചുമതലയില്‍ അവരോധിക്കപ്പെട്ടത്.
ദൗത്യ ഡയരക്ടര്‍ എന്ന നിലയില്‍ 14 പി.എസ്.എല്‍.വി ദൗത്യങ്ങള്‍ വിജയത്തിലെത്തിച്ചുവെന്ന മഹത്വവും റോക്കറ്റ് സാങ്കേതിക രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനായ കുഞ്ഞിക്കൃഷ്ണനുണ്ട്. മംഗള്‍യാനെ വഹിച്ച് കുതിച്ചുയര്‍ന്ന പി.എസ്.എല്‍.വിയുടെ ദിശ നിയന്ത്രിച്ചിരുന്നതും അദ്ദേഹമായിരുന്നു.
പി.എസ്.എല്‍.വി രൂപകല്‍പന ചെയ്തതിന് പിന്നിലും ഒരു മലയാളി ടച്ചുണ്ട്. തിരുവനന്തപുരം വി.എസ്.എസ്.സി ഡയരക്ടര്‍ ഡോ. കെ.ശിവനാണ് ഇത് രൂപകല്‍പന ചെയ്തിരുന്നത്. കൂടാതെ പി.എസ്.എല്‍.വിക്ക് ആവശ്യമുള്ള ഇന്ധനം തയാറാക്കുന്ന വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയരക്ടര്‍ എസ്. സോമനാഥ്, ഐ.എസ്.ആര്‍.ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂനിറ്റ് ഡയരക്ടര്‍ ഡോ.പി.പി മോഹന്‍ലാല്‍ തുടങ്ങിയവരും ചരിത്ര ദൗത്യത്തിലെ മലയാളി സാന്നിധ്യങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."