കേരള ബാങ്ക് രൂപീകരണം; ജീവനക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി
കോഴിക്കോട്: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കിലെ ജീവനക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടാണ് കേരളബാങ്ക് രൂപീകരിക്കുക. സഹകരണ മേഖലയില്‍ കാലോചിതവും ആധുനികവുമായ പരിഷ്‌കരണം ആവശ്യമാണ്. ഇതെല്ലാം ഒത്തുചേര്‍ന്നതാണ് കേരള ബാങ്ക്.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ കൂടുതല്‍ ശാക്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എസ്.ബി.ടി എസ്.ബി.ഐയില്‍ ലയിച്ചതോടെ ബാങ്കിങ് മേഖലയില്‍ തകര്‍ച്ചയാണ് ഉണ്ടായത്. ആദ്യഘട്ടത്തില്‍ ഇരുന്നൂറിനടുത്ത് ബ്രാഞ്ചുകള്‍ ഇല്ലാതായി. ഒപ്പം ജീവനക്കാര്‍ക്കു തൊഴില്‍ നഷ്ടമായി.
എന്നാല്‍, സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണബാങ്കുകളും ലയിക്കുമ്പോള്‍ യാതൊരുവിധ ആശങ്കകള്‍ക്കും വഴിയില്ല. ജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി വര്‍ധിക്കുകയാണ് ചെയ്യുന്നത്. ആധുനിക ബാങ്കിങ് സൗകര്യം കേരള ബാങ്ക് ഉറപ്പുനല്‍കുന്നു. സംസ്ഥാന വികസനത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കേരള ബാങ്കിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."