മുന്നറിയിപ്പുകളും വിഫലം: സംസ്ഥാനത്ത് രാത്രി ജീവിതം അശാന്തം
കൊച്ചി: സുരക്ഷാവീഴ്ചകള്‍ സംബന്ധിച്ച പ്രചാരണം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ആശങ്ക വേണ്ടെന്ന് അറിയിച്ച് പൊലിസ് നല്‍കിയ മുന്നറിയിപ്പുകള്‍ വിഫലമാകുന്നു.
സംസ്ഥാനത്ത് രാത്രിയില്‍ ശാന്തമായി കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബങ്ങള്‍. ഇതിനേത്തുടര്‍ന്ന് സാധാരണക്കാരുടെ കൂട്ടായ്മകള്‍ സ്വന്തംനിലക്ക് 'സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന' അസാധാരണ സ്ഥിതിവിശേഷം സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുകയാണ്. രാത്രിയില്‍ യാത്രചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങളും വിവിധയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
രണ്ടുമാസത്തോളമായി കടുത്ത ഭീതിപരത്തുന്ന സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എറണാകുളത്തും കണ്ണൂരും സംഘടിതമായി എത്തിയ മോഷ്ടാക്കള്‍ വീട്ടുകാരെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് ജനത്തിന് പൊലിസിന്റെ ഉറപ്പില്‍ വിശ്വാസമില്ലാതായത്. എറണാകുളത്തുതന്നെ അടുത്തടുത്ത ദിവസങ്ങളില്‍ വീട്ടുകാരെ കെട്ടിയിട്ടുള്ള കവര്‍ച്ച അരങ്ങേറുകയും ചെയ്തു. ഈ സംഭവങ്ങളിലെ പ്രതികളെ പൂര്‍ണമായി പിടികൂടാന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ, സാമൂഹ്യമാധ്യമങ്ങളില്‍ സ്വന്തംനിലക്ക് മുന്നറിയിപ്പുകളും മുന്‍കരുതല്‍ നടപടികളും പ്രചരിക്കാന്‍ തുടങ്ങി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വീടുതോറും കയറിയിറങ്ങി വില്‍പന നടത്താനെത്തുന്നവര്‍, സംഭാവന ചോദിച്ച് വരുന്നവര്‍, ഭിക്ഷക്കാര്‍ തുടങ്ങിയവരെല്ലാം സംശയനിഴലിലായി.
ഇതിനുപിന്നാലെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സംസ്ഥാനത്ത് ഇറങ്ങിയിട്ടുണ്ടെന്ന സന്ദേശം പ്രചരിച്ചത്. ഇതിന് ഉപോല്‍ബലകമായി പ്രചരിച്ച 'കറുത്ത സ്റ്റിക്കര്‍' ഭീതിക്ക് കൃത്യമായ വിശദീകരണം നല്‍കാന്‍ പൊലിസിന് കഴിഞ്ഞിട്ടുമില്ല. ഗ്ലാസ് കടകളില്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍ അബദ്ധത്തില്‍ ചില്ലില്‍ ഇരുന്നത്, സി.സി ടി.വി വില്‍പനക്കാര്‍ ഭീതിപരത്തി വില്‍പന വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്, ജനങ്ങളെ പേടിപ്പിക്കാന്‍ സാമൂഹികവിരുദ്ധരുടെ വിളയാട്ടം.... എന്നിങ്ങനെ ദിവസംതോറും മാറിമാറി വിശദീകരണം പുറപ്പെടുവിക്കുന്നുണ്ടെങ്കിലും തലസ്ഥാനഗരിയില്‍ പൊലിസ് ആസ്ഥാനത്തിന്റെ മൂക്കിന് താഴെപോലും പുതിയ സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെടുന്നത് ആശങ്ക പരത്തുന്നുണ്ട്.
സംസ്ഥാനത്തുനിന്ന് കഴിഞ്ഞവര്‍ഷം കാണാതായ 49 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രിക്കുതന്നെ നിയമസഭയില്‍ സമ്മതിക്കേണ്ടിവന്നു. കൂടാതെ കറുത്ത സ്റ്റിക്കര്‍ കെട്ടുകഥയാണെന്ന് കരുതി തള്ളിക്കളയാനാകില്ലെന്നും പൊലിസ് വിശദമായി അന്വേഷിക്കണമെന്നും മനുഷ്യാവകാശ കമ്മിഷനും ഉത്തരവിറക്കേണ്ടിവന്നു. കഴിഞ്ഞദിവസം മൂവാറ്റുപുഴയില്‍ പള്ളിയില്‍നിന്ന് വരികയായിരുന്ന പത്തുവയസുകാരനെയും തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കൈക്കുഞ്ഞിനെയുമൊക്കെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതും ഭീതിപരത്തുന്നുണ്ട്.
മോഷണ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിലും കറുത്ത സ്റ്റിക്കര്‍ സംബന്ധിച്ച ദുരൂഹത നീക്കുന്നതിലും പൊലിസ് വിജയിക്കുന്നില്ലെന്ന് കണ്ടതോടെ റസിഡന്‍സ് അസോസിയേഷനുകളുടെയും അയല്‍ക്കൂട്ട സമിതികളുടെയും മറ്റും നേതൃത്വത്തില്‍ യുവാക്കളും മറ്റും രാത്രികാല 'പട്രോളിങിന് ' ഇറങ്ങുന്നത് വ്യാപിക്കുകയാണ്. ഇങ്ങനെ റോന്തുചുറ്റുന്ന സംഘങ്ങളുടെ മുന്നില്‍ അബദ്ധത്തില്‍ വന്നുപെടുന്ന വഴിയാത്രക്കാരും മറ്റും കൈയേറ്റത്തിന് ഇരയാകുന്ന സംഭവങ്ങളും വിവിധ സ്ഥലങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് രാത്രി ജീവിതം അശാന്തമാകുന്നത് വിനോദസഞ്ചാര, വ്യാപാര മേഖലകള്‍ക്കും തിരിച്ചടിയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."