തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ സോണിയയുടെ ആഹ്വാനം
ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, നേതാക്കളോട് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശം. ഇന്നലെ രാവിലെ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയായിരിക്കും പ്രചാരണത്തിനു നേതൃത്വം നല്‍കുകയെന്നും സോണിയ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായി നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിച്ച സോണിയ, താനിനി സജീവരാഷ്ട്രീയത്തില്‍ ഉണ്ടാവില്ലെന്നും സൂചിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഹുല്‍ തന്റേയും നേതാവായി മാറി. അദ്ദേഹത്തിന് ശക്തമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടത്. എനിക്കൊപ്പം പ്രവര്‍ത്തിച്ച അതേ വിശ്വാസ്യതയും ഉത്സാഹവും നിങ്ങള്‍ രാഹുലിനോടു കാണിക്കണം. നിലവിലെ സര്‍ക്കാരിനെതിരേ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും അസംതൃപ്തിയുണ്ട്. ഇവ പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റണം. രാഹുലിനു കീഴില്‍ പാര്‍ട്ടി ഒന്നടങ്കം പ്രവര്‍ത്തിച്ചാല്‍ നഷ്ടപ്പെട്ടവ തിരികെക്കൊണ്ടുവരാനാകുമെന്നും സോണിയ പറഞ്ഞു. ബി.ജെ.പിക്കെതിരേ സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെ അണിനിരത്തുന്നതിന് മുന്‍കൈയ്യെടുക്കുമെന്നും സോണിയ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരേയും സോണിയ ആഞ്ഞടിച്ചു. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി മോദി നടത്തിയ പ്രസംഗം അഹങ്കാരം നിറഞ്ഞതായിരുന്നുവെന്ന് സോണിയ കുറ്റപ്പെടുത്തി. യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്തതായിരുന്നു മോദിയുടെ പ്രസംഗം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായ രീതിയിലാണ് മോദിയുടെ പ്രവര്‍ത്തനം. രാജ്യത്തെ സാമ്പത്തിക മേഖല വലിയ തോതില്‍ തകര്‍ച്ച നേരിട്ടു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചു. കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിക്കുന്ന മോദി, റാഫേല്‍ വിമാന ഇടപാടിലടക്കം മൗനം തുടരുകയാണ്. പാര്‍ലമെന്റ്, ജുഡീഷ്യറി, മാധ്യമങ്ങള്‍ തുടങ്ങി ജനാധിപത്യത്തിന്റെ അടിത്തറയെ ആക്രമിക്കുന്ന സമീപനമാണ് ബി.ജെ.പിയുടെത്. എല്ലാ മേഖലയിലും ഭയം നിലനില്‍ക്കുന്നു. പുരോഗമന, മതനിരപേക്ഷ, ജനാധിപത്യ പാരമ്പര്യങ്ങള്‍ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സോണിയ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."