ടെസ്‌ല റോഡ്സ്റ്ററില്‍ 'സ്റ്റാര്‍മാന്‍' ഏകാന്തയാത്ര തുടരുന്നു
വാഷിങ്ടണ്‍: ബഹിരാകാശ പര്യവേക്ഷകന്‍ ബസ് ആല്‍ഡ്രിന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ നില്‍ക്കുന്ന, നീല്‍ ആംസ്‌ട്രോങ് പകര്‍ത്തിയ ചിത്രമായിരുന്നു ബഹിരാകാശ പര്യവേക്ഷണത്തിന്റെ പ്രതീകമായി ഏറെ കാലം നമ്മുടെ മനസിലുണ്ടായിരുന്നത്.
എന്നാല്‍, ഇപ്പോള്‍ സ്‌പെയ്‌സ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഒരു വിപ്ലവദൗത്യത്തിന്റെ ചിത്രം ചരിത്രം രചിക്കുകയാണ്. ലോകത്തെ ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാറായ ടെസ്‌ല റോഡ്സ്റ്ററിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന 'സ്റ്റാര്‍മാന്‍' എന്ന പാവയുടെ ചിത്രമാണത്.
ചൊവ്വാഴ്ച അമേരിക്കയിലെ കേപ് കനവറിലുള്ള കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ പറന്നുയര്‍ന്ന കാര്‍ ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടരുന്നതായാണു ലഭിക്കുന്ന വിവരം. ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റില്‍ കയറ്റിവിട്ട കാര്‍ ബഹിരാകാശത്ത് ഏകാന്ത്രയാത്ര നടത്തുകയാണ്.
ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക എന്ന ലക്ഷ്യം പിഴച്ചതിനാല്‍ ചൊവ്വയ്ക്കും അപ്പുറം വ്യാഴത്തിനു സമീപത്തെ ഛിന്നഗ്രഹങ്ങളുടെ മേഖലയിലാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. യാത്രയുടെ വിഡിയോ ദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്.
1,305 കിലോ ആണ് കാറിന്റെ ഭാരം. ഇതിനൊപ്പം 6,000 സ്‌പെയ്‌സ് എക്‌സ് ജീവനക്കാരുടെ പേരടങ്ങിയ ഫലകം, ശാസ്ത്ര നോവലിസ്റ്റ് ഐസക് അസിമോവിന്റെ കൃതികളുടെ ഡിജിറ്റല്‍ പതിപ്പ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കാറിന്റെ സര്‍ക്യൂട്ട് ബോര്‍ഡില്‍ 'ഇതു നിര്‍മിച്ചതു മനുഷ്യരാണ് ' എന്ന സന്ദേശവും പതിച്ചിട്ടുണ്ട്.
കാര്‍ വിജയകരമായി യാത്ര തുടരുകയാണെന്ന് സ്‌പെയ്‌സ് എക്‌സ് കമ്പനി ഉടമ ഇലോണ്‍ മസ്‌ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."