പാര്‍വതീ പുത്തനാറിന്റെ കരയില്‍ കൈയേറ്റഭൂമി ഒഴിപ്പിക്കുന്നതിനിടെ വീണ്ടും കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
കഠിനംകളം: പാര്‍വതീ പുത്തനാറിന്റെ കരയിലെ കൈയേറ്റ ഭൂമി സര്‍ക്കാര്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒഴിഞ്ഞ ഭാഗങ്ങള്‍ വീണ്ടും കൈയേറി നിര്‍മാണം പ്രവര്‍ത്തനം വ്യാപകം. കഴക്കൂട്ടം മേനംകുളത്ത് ദേശീയ ഗെയിംസ് വില്ലേജിന് സമീപത്തെ പാര്‍വതീ പുത്തനാറിനോട് ചേര്‍ന്ന് കിടക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ച് വരുന്നത്. ദേശീയ ഗെയിംസിന് മുന്നോടിയായി കായിക താരങ്ങള്‍ക്ക് താമസിക്കാന്‍ ഏകദേശം അന്‍പത് കോടിയോളം ചിലവഴിച്ച് പണിത ഗെയിംസ് വില്ലേജിന്റെ ഇപ്പോഴത്തെ ചുമതല കായിക യുവജനക്ഷേമ വകുപ്പിനാണ്.
സിഡ്കോയുടെ മുപ്പതോളം ഏക്കര്‍ ഭൂമി വാടകക്ക് എടുത്ത് ഗെയിംസ് അതോറിറ്റി വില്ലേജ് പണിയുമ്പോര് സുരക്ഷ മുന്നില്‍ കണ്ട് പാര്വതീപുത്തനാറിനോട് ചേര്‍ന്നുള്ള കുറച്ച് സ്ഥലം മാറ്റിയായിരുന്നു നിര്‍മാണ പ്രവര്‍ത്തനം. ഈ സ്ഥലമാണ് ഭൂമാഫിയ സംഘം കൈയേറി അനധികൃതമായി മൂന്ന് വീടുകള്‍ നിര്‍മിച്ച് വരുന്നത്. കൈയേറി തുടങ്ങിയപ്പോള്‍ തന്നെ വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം വില്ലേജിന്റെ എസ്റ്റേറ്റ് ഓഫിസര്‍ കഠിനംകുളം വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് അധികൃതര്‍, കഴക്കൂട്ടം പൊലിസ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വില്ലേജിലെ ജീവനക്കാര്‍ക്ക് നേരേ അജ്ഞാതസംഘം ഫോണില്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കുറച്ച് ദിവസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഇവിടെ നിര്‍മാണങ്ങള്‍ക്ക് ആവിശ്യമായ സാമഗ്രികള്‍ എത്തിയിട്ടുണ്ട്. വില്ലേജ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും കാര്യമായ ഒരു നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം. ജില്ലാ കലക്ടര്‍ക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി കൊടുക്കുവാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
നിലവില്‍ പാര്‍വതീ പുത്തനാറിന്റെ ഇരുകരകളിലും നൂറ് കണക്കിന് കുടുംബമാണ് താമസിക്കുന്നത്. പാര്‍വതീ പുത്തനാര്‍ നവീകരിച്ച് ദേശീയ ജലപാതയാക്കാനുള്ള സര്‍ക്കാറിന്റെ പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനായി കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കാര്‍ 50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പുത്തനാറിന്റെ കരയില്‍ താമസിക്കുന്ന കുടുംബങ്ങളെ ഇവിടെ നിന്നും കുടിയൊഴിപ്പിക്കാനുള്ള തീവ്ര യജ്ഞത്തിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് വീണ്ടും പുത്തനാറിന്റെ തീരം കൈയേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."