പദങ്ങള്‍ പ്രതികളാകുന്ന കാലം
സദാചാരവാദികളായി എസ്.എഫ്.ഐയില്‍ ആരെങ്കിലുമുണ്ടെങ്കില്‍ സംഘടനയില്‍നിന്നു പുറത്തു പോകണമെന്ന എസ്.എഫ്.ഐ ദേശീയാധ്യക്ഷന്റെ പ്രസ്താവന നര്‍മത്തോടെയേ വായിക്കാനായുള്ളൂ. സദാചാരബോധമുള്ളവരെ സംഘടനയ്ക്കു വേണ്ടെന്നു പറയുമ്പോള്‍ ദുരാചാരക്കാരെയാണോ സദാചാര, ദുരാചാരങ്ങള്‍ക്കിടയില്‍ സമദൂരം പുലര്‍ത്തുന്നവരെയാണോ സംഘടനയ്ക്കുവേണ്ടത് എന്ന ചോദ്യം ഉയരും.
നല്ല ആചാരം എന്നര്‍ഥമുള്ള സദാചാരം എന്ന പദം പോലും ഗുണ്ടായിസത്തിന്റെ മേമ്പൊടി ചേര്‍ത്ത പ്രയോഗമാക്കിയപ്പോള്‍ നിഷേധാര്‍ഥം വന്നുവെന്നല്ല സദാചാരമെന്നതു തെറ്റാണെന്ന് ഒരു വിദ്യാര്‍ഥി സംഘടനയുടെ ദേശീയ നേതൃത്വം പോലും തെറ്റിദ്ധരിച്ചിരിക്കുന്ന അവസ്ഥ വരികയും ചെയ്തിരിക്കുകയാണ്. ഇവര്‍ ആടിനെ പട്ടിയല്ല പേപ്പട്ടിയാക്കും.
ശുദ്ധചിന്താഗതിയെ എങ്ങനെ തെറ്റായി ചിത്രീകരിക്കാമെന്ന ഗീബല്‍സിയന്‍ തത്വത്തിന്റെ ആധുനിക ഉദാഹരണമാണ് ഈ പ്രസ്താവന. സദാചാരത്തിന്റെ പേരിലുള്ള ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കയുമരുത്. കാരണം, അതു ദുരാചാര ഗുണ്ടായിസമാണ്.
ഏറെ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു പദമാണു തീവ്രവാദി. വാദിക്കുന്നവന്റെ നിലപാട് എപ്പോഴും തീവ്രമായിരിക്കണം. വാദം ദുര്‍ബലമാണെങ്കില്‍ നിലനില്‍പ്പുണ്ടാകില്ല. ആശയത്തില്‍ കണിശതയും ശക്തിയും പുലര്‍ത്തണം. എന്നാല്‍, അതു മറ്റുള്ളവര്‍ക്കു ദോഷകരമാകരുത്.
പദങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ക്കു വലിയ പങ്കുണ്ട്. തെറ്റിദ്ധാരണ പരത്തി അകറ്റി നിര്‍ത്തപ്പെട്ട പദങ്ങള്‍ക്കു മോചനം നല്‍കാന്‍ ഭാഷാപണ്ഡിതര്‍ അടിയന്തരമായി ഇടപെടണം. ചില പ്രയോഗങ്ങളെ ഭയപ്പെടുത്തി ഭാഷയുടെ സൗന്ദര്യം നശിപ്പിക്കരുത്.
പി.എ, കൊണ്ടോട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."