യാത്രാ നിരോധനം നീക്കണമെന്ന് പാകിസ്താനോട് ഹാഫിസ് സഈദ്
ലാഹോര്‍: പാകിസ്താന് പുറത്ത് സഞ്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദ് പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹാഫിസ് സഈദടക്കം ജമാഅത്തുദ്ദഅ്‌വയുടെയും ഫലാഹെ ഇന്‍സാനിയത്തിന്റെയും 38 നേതാക്കള്‍ രാജ്യത്തിന് പുറത്തുപോകുന്നത് പാകിസ്താന്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു.
ഈ പട്ടികയില്‍നിന്ന് തന്റെ പേര് നീക്കണമെന്നാണ് സഈദ് ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന് അയച്ച കത്തില്‍ താന്‍ രാജ്യത്തിനു സുരക്ഷാഭീഷണിയല്ലെന്നും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഹാഫിസ് സഈദ് അറിയിച്ചു. 2008ല്‍ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സഈദടങ്ങുന്ന ജമാഅത്തുദ്ദഅ്‌വയുടെ അഞ്ചു നേതാക്കളെ സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് പാക് സര്‍ക്കാര്‍ 90 ദിവസത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇതിനുപുറമെ, ജമാഅത്തിനെയും ഫലാഹെ ഇന്‍സാനിയ്യത്തിനെയും ആറുമാസത്തെ നിരീക്ഷണപട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ജമാഅത്തുദ്ദഅ്‌വ പാകിസ്താനില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും സ്വത്തുവകകളോ കെട്ടിടങ്ങളോ തകര്‍ത്തതായുള്ള ആരോപണമില്ലെന്നും ഹാഫിസ് സഈദ് പ്രതികരിച്ചു. കോടതിയില്‍ പ്രാദേശിക, ഫെഡറല്‍ സര്‍ക്കാരുകളൊന്നും തനിക്കെതിരേ തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും സഈദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."