കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദേശം
കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി.ക്കു മാത്രം സര്‍വിസ് നടത്താന്‍ അനുവാദമുള്ള 72 ദേശസാല്‍കൃത റൂട്ടുകളില്‍ അനധികൃത സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ രാജു എബ്രഹാം എം.എല്‍.എ ചെയര്‍മാനായ നിയമസഭാ സമിതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ അനധികൃത സര്‍വിസ് നടത്തുന്നതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്ക് വന്‍സാമ്പത്തികനഷ്ടം വരുന്നുണ്ടെന്നും ഈ നിയമലംഘനത്തിന് ഗതാഗതവകുപ്പും പൊലിസും ജില്ലാഭരണകൂടവും കൂട്ടുനില്‍ക്കുകയാണെന്നും കാണിച്ച് സമിതി മുന്‍പാകെ ലഭിച്ച പരാതിയില്‍ വയനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിലാണ് സമിതിയുടെ നിര്‍ദേശം.
നിയമലംഘനം നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം നിയമം ലംഘിച്ച് സര്‍വിസ് നടത്തുന്നതിന് തെളിവുകള്‍ ഹാജരാക്കിയില്ലെന്ന വിചിത്രവാദമുന്നയിച്ച് ആര്‍.ടി.എ യോഗത്തില്‍ ഗതാഗത വകുപ്പ് നിരസിച്ചതായും കെ.എസ്.ആര്‍.ടി.സി സമിതി മുന്‍പാകെ ബോധിപ്പിച്ചു.
നിയമലംഘനം നടത്തിയതിന് 52 തവണ സ്വകാര്യബസുകളില്‍നിന്ന് പിഴ ഈടാക്കിയതായി ആര്‍.ടി.ഒ സമിതി മുന്‍പാകെ അറിയിച്ചു. ഇങ്ങനെ പിഴ ഈടാക്കിയതുതന്നെ സ്വകാര്യബസുകള്‍ നിയമം ലംഘിക്കുന്നതിന്റെ തെളിവായി സമിതി ചൂണ്ടിക്കാണിച്ചു.
ബത്തേരിയില്‍നിന്ന് കോഴിക്കോട്ടേക്കു പോകുന്ന സ്വകാര്യബസുകള്‍ മുട്ടില്‍ വിവേകാനന്ദ വഴി ടൗണിലെത്തി പടിഞ്ഞാറത്തറ-പുഴമുടി റൂട്ടില്‍ കല്‍പ്പറ്റ ഗവ.കോളജു വഴി വൈത്തിരി പഞ്ചായത്തിനു മുന്നിലൂടെ പൂക്കോട് ജംഗ്ഷനിലെത്തി താമരശ്ശേരി കോര്‍ട്ട് റോഡുവഴി മെഡിക്കല്‍ കോളജ് റൂട്ടില്‍ കോഴിക്കോട് പോകണം. തിരിച്ചും ഇതേ റൂട്ടില്‍ സര്‍വിസ് നടത്തണം.
കോഴിക്കോടുനിന്ന് മാനന്തവാടിക്കുള്ള ബസുകള്‍ ഇതേ റൂട്ടില്‍ കല്‍പ്പറ്റയിലെത്തി മണിയങ്കോട്-പുളിയാര്‍മല വഴി കണിയാമ്പറ്റ വരദൂര്‍ മൃഗാശുപത്രി വഴി പച്ചിലക്കാടെത്തി കാട്ടിച്ചിറക്കല്‍-പീച്ചംകോട് വഴി നാലാംമൈലിലെത്തി നേരെ മാനന്തവാടിക്കു പോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."