ഇതു ഞങ്ങളുടെ ഏരിയ
ബദിയടുക്ക: നഗരം കീഴടക്കിയുള്ള നാല്ക്കാലികളുടെ സഞ്ചാരം ജനത്തിനു ഭീഷണിയാകുന്നു. ബദിയടുക്കയില്‍ പകല്‍ സമയങ്ങളില്‍ കൂട്ടമായെത്തുന്ന ആട്, പശുക്കള്‍ എന്നിവയെ കൂടാതെ തെരുവുനായ ശല്യവും രൂക്ഷമാണ്.
നാല്‍ക്കാലികളെ പൊതു സ്ഥലങ്ങളില്‍ അഴിച്ചു വിടാന്‍ പാടില്ലെന്നുള്ള ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ അതൊന്നും ബാധകമല്ല. രാവിലെ തൊഴുത്തില്‍ നിന്ന് അഴിച്ചു വിടുന്ന വളര്‍ത്തു മൃഗങ്ങള്‍ നേരെയെത്തുന്നത് ടൗണിലേക്കാണ്. റോഡില്‍ അലഞ്ഞു തിരിയുന്ന മൃഗങ്ങള്‍ വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു.
കൂടുതലായും ഇരുചക്ര വാഹന യാത്രക്കാരാണ് ഇവ മൂലം ഭീഷണി നേരിടുന്നത്. തലങ്ങും വിലങ്ങും ഓടുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ഇവിടെ നിത്യ സംഭവമായി മാറുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മൃഗങ്ങളെ പിടിച്ചുകെട്ടാന്‍ പഞ്ചായത്തില്‍ പ്രത്യേകം ജീവനക്കാരും സൗകര്യവുമുണ്ടായിരുന്നു. ഇങ്ങനെ പിടിച്ചു കെട്ടുന്ന മൃഗങ്ങളെ ഉടമക്കു തിരിച്ചെടുക്കണമെങ്കില്‍ നിശ്ചിത പിഴ ഈടാക്കുന്ന നിയമവും നില നിന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തുകളില്‍ തൊഴുത്തോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ ഇതൊന്നും നടപ്പാകുന്നില്ല.
തെരുവില്‍ അഴിച്ചു വിടുന്ന മൃഗങ്ങളുടെ ഉടമകളെ കണ്ടെത്തി ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് വാഹന യാത്രക്കാരുടെയും കച്ചവടക്കരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."