ഉത്സവത്തിനിടെ എ.എസ്.ഐയെ തലക്കടിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍
കരുനാഗപ്പള്ളി: പാവുമ്പ കാളി അമ്പലത്തില്‍ നടന്ന ഉത്സവത്തോട് അനുബന്ധിച്ച് പൊലിസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസ് ഉള്‍പ്പെടെയുള്ള നിരവധി കേസിലെ പ്രതിയായ പാവുമ്പതെക്ക് വൃന്ദാവനംവീട്ടില്‍ സുധീഷ് എന്ന ചന്തു (24), പാവുമ്പതെക്ക് മറ്റത്ത് പടീറ്റതില്‍ ആനന്ത രാജ് എന്ന അനു (22), പാറയ്ക്കല്‍ വടക്കതില്‍ വിഷ്ണു (18) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 8 മണിയ്ക്ക് താലപ്പൊലി ഘോഷയാത്രയുടെ പിന്നില്‍ നില്‍ക്കുകയായിരുന്ന പൊലിസിനെ പിറകാലെ വന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. എ.എസ്.ഐ നിക്‌സന്റെ തലക്ക് കമ്പിവടി കൊണ്ട് അടിച്ചിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ മറ്റ് പൊലിസുക്കാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അടിയേറ്റ എ.എസ്.ഐയെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.എസ്.ഐയുടെ തലയ്ക്ക് പത്തോളം തുന്നലുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാവുമ്പ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെ ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘട്ടനം നടന്നിരുന്നു. ഇതില്‍ പൊലിസ് ഇടപ്പെട്ടു അക്രമികളെ തുരത്തിയിരുന്നു. ഇതിന്റെ പ്രതികാരമാകാം ആക്രമണം എന്ന് കരുതുന്നു. ഇതില്‍ ഒന്നാം പ്രതിയായ ചന്തു കഞ്ചാവ് ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
ഇതിനിടെ പൊലിസുകാര്‍ നിരപരാധികളുടെ വീടുകള്‍ തകര്‍ത്തതായും കേസില്‍ പെടാത്തവരെ പിടികൂടി മര്‍ദിച്ചതായും പരാതി ഉയരുന്നുണ്ട്. പാവുമ്പ കാളി അമ്പലത്തിന് സമീപം ഭഗവതി വിളയില്‍ മോനച്ചന്‍ എന്ന ബിനില്‍ (21), ഇയാളുടെ അഛന്‍ രാജേന്ദ്രന്‍ (55), മണ്ണാഴത്ത് കിഴക്കതില്‍ ഉണ്ണി എന്ന ശങ്കര്‍ (20) എന്നിവരുടെ വീടുകളാണ് പൊലിസ് ആക്രമിച്ചത്. വീടിന്റെ കതകുകളും ജനലുകളും തകര്‍ത്തതായും രാജേന്ദ്രനെ മാരകമായി ചൂരല്‍ കൊണ്ട് അടിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നതങ്ങളില്‍ പരാതിപ്പെടാനുള്ള തയാറെടുപ്പിലാണ് വീട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."