തോളിലിരുന്ന് ചെവി തിന്നരുത്; സി.പി.ഐക്കെതിരേ ഇ.പി ജയരാജന്‍
തിരുവനന്തപുരം: സി.പി.ഐക്കെതിരേ പേരെടുത്തു പറയാതെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കേന്ദ്ര കമ്മിററി അംഗം ഇ.പി ജയരാജന്‍ എം.എല്‍.എ.
ഇടതുപക്ഷത്തു നില്‍ക്കുകയും വലതുപക്ഷത്തിനു സേവനം ചെയ്യുകയുമാണ് ,എസ്.എഫ്.ഐയെ കരിവാരിത്തേക്കാന്‍ നടക്കുന്ന ചിലരെന്നും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പറഞു. തോളിലിരുന്ന് ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സമരങ്ങളേറ്റെടുത്ത് മുന്നേറുന്ന എസ്.എഫ്.ഐയും വര്‍ഗീയഫാസിസ്റ്റുകള്‍ക്കെതിരേ നെഞ്ചുവിരിച്ച് നില്‍ക്കുന്ന ഡി.വൈ.എഫ്.ഐയും വര്‍ഗീയ വൈതാളികര്‍ക്കും ഫാസിസ്റ്റുകള്‍ക്കും അലോസരമാണ്. അത് അംഗീകരിക്കാനാവാത്തവര്‍ വര്‍ഗീയഫാസിസ്റ്റ് ശക്തികളോടൊപ്പവും എല്‍.ഡി.എഫ് വിരുദ്ധരോടൊപ്പവും തോള്‍ചേര്‍ന്ന് നടത്തുന്ന പ്രകടനങ്ങള്‍ അവസാനിപ്പിക്കണം.
ഒരു കോളജിലെ സമരത്തെ ഗവണ്‍മെന്റ് വിരുദ്ധ കലാപമാക്കിമാറ്റി ആ സമരത്തിന് ഇടതുപക്ഷമുഖം നല്‍കാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്ട്രീയ ജീര്‍ണതയാണ്. ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് തേര്‍വാഴ്ചയ്ക്ക് ഹാലേലുയ്യ പാടി അധികാരം പങ്കിട്ടവര്‍ അന്നും ഇത്തരം ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിയിട്ടുണ്ടെന്നുള്ളതാണ് ചരിത്രം.
കേരള ലോ അക്കാദമിക്ക് ഭൂമി നല്‍കിയത് ആരാണെന്നത് രഹസ്യമല്ല. ആ ചെയ്തിയും അവസരവാദവും പുറത്തു വരുമ്പോള്‍ പ്രായശ്ചിത്തം ചെയ്യുവാന്‍ എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും മെക്കിട്ടുകയറുന്നത് രാഷ്ട്രീയ മര്യാദയുമല്ല, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതുപക്ഷ ശക്തികള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നത് മിതമായി പറഞ്ഞാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ നോക്കലാണ്. ഇടതുപക്ഷ ശക്തികളെ ദുര്‍ബലപ്പെടുത്തി ഫാസിസ്റ്റ് വര്‍ഗീയ ഭീകരതയ്ക്ക് വളക്കൂറുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇത്തരം ആളുകള്‍ പിന്മാറിയില്ലെങ്കില്‍ ഇപ്പോള്‍ കൂടെ നില്‍ക്കുന്ന ചില്ലറ ആളുകളും കൂടി പിരിഞ്ഞുപോകുന്ന ദയനീയ സ്ഥിതിയിലേക്ക് അധഃപതിക്കുമെന്നും ജയരാജന്‍ ഓര്‍മപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."