വര്‍ഗീസ്, ജോഗി ദിനാചരണം: അതീവ ജാഗ്രതയില്‍ പൊലിസ്
കോഴിക്കോട്: നക്‌സല്‍ വര്‍ഗീസിന്റെയും മുത്തങ്ങയില്‍ പൊലിസ് വെടിവയ്പ്പില്‍ കൊലപ്പെട്ട ജോഗിയുടെയും രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അതീവ ജാഗ്രത പുലര്‍ത്തി സേനാവിഭാഗങ്ങള്‍.
നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിലെ പ്രധാന വനമേഖലകളിലും വനാതിര്‍ത്തികളിലും തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ കര്‍ശന നിരീക്ഷണം തുടരുന്നത്.
കോഴിക്കോട് റൂറല്‍, മലപ്പുറം,വയനാട്, കണ്ണൂര്‍,പാലക്കാട് ജില്ലകളിലാണ് അതീവ സുരക്ഷാ മുന്‍കരുതല്‍ എടുത്തിരിക്കുന്നത്.
വയനാട്ടിലെ തിരുനെല്ലി,വെള്ളമുണ്ട,നിരവില്‍പുഴ,തലപ്പുഴ, മേപ്പാടി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. നിലമ്പൂര്‍, ആറളം വനമേഖല, അട്ടപ്പാടി, അഗളി മേഖലകളും ഇതില്‍പ്പെടും.
200 അംഗ തണ്ടര്‍ബോള്‍ട്ട് സേനയെയാണ് ഇത്തരത്തില്‍ പത്തും പന്ത്രണ്ടും ടീമുകളായി രാത്രിയും പകലുമായി നിരീക്ഷണത്തിന് നിയോഗിച്ചത്.
കൂടാതെ പൊലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ശക്തമായ നിരീക്ഷണമുണ്ട്. നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലിസ് വെടിവയ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രതികാര നടപടി ഉണ്ടായേക്കുമെന്ന സാധ്യതയുടെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷ ഒരുക്കുന്നത്.
രണ്ടാഴ്ച മുന്‍പേ തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറല്‍, കണ്ണൂര്‍ ജില്ലകളിലെ 24 പൊലിസ് സ്‌റ്റേഷനുകളില്‍ കൂടുതല്‍ സായുധസേനാംഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശമുള്ള സ്‌റ്റേഷനുകളിലെ പൊലിസുകാര്‍ക്കും അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ അതിര്‍ത്തികളില്‍ ഇന്നും നാളെയും രാത്രികാല വാഹന പരിശോധന നടത്താന്‍ അതത് ജില്ലാ പൊലിസ് മേധാവിമാര്‍ നിര്‍ദേശം നല്‍കി.
ഇതിനു പുറമേ വയനാട്ടിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗവും ശേഖരിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."