വനിതാ ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയുമായി സജ്ന
കല്‍പ്പറ്റ: വനിതാ ക്രിക്കറ്റില്‍ വയനാട്ടുകാരിയുടെ മിന്നും പ്രകടനം. വനിതകളുടെ അണ്ടര്‍ 23 ക്രിക്കറ്റില്‍ 84 പന്തില്‍ സെഞ്ച്വറി നേടിയ സജ്ന ആഭ്യന്തര ലീഗിലെ അതിവേഗ സെഞ്ച്വറിക്കാരിയായാണ് ക്രിക്കറ്റ് കളത്തിലെ തന്റെ സാന്നിധ്യമറിയിച്ചത്. അണ്ടര്‍ 23 ദക്ഷിണ മേഖലാ മത്സരത്തില്‍ കേരളത്തിന്റെ ക്യാപ്റ്റനായി കളത്തിലിറങ്ങിയ സജ്നയുടെ മികവില്‍ രണ്ടാം സ്ഥാനവും കേരളത്തിനു ലഭിച്ചു.
മാനന്തവാടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ സജീവന്റെയും നഗരസഭാ കൗണ്‍സിലറായ ശാരദാ സജീവന്റെയും മകളായ സജ്ന കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരള ക്രിക്കറ്റിലെ നിറസാനിധ്യമാണ്. തൊട്ടതെല്ലാം പൊന്നാക്കിയ സജ്ന ദക്ഷിണേന്ത്യന്‍ ക്രിക്കറ്റിലെ സജീവ സാനിധ്യമായി മാറുകയാണിപ്പോള്‍. ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടില്‍ നടന്ന ദക്ഷിണ മേഖലാ ചാംപ്യന്‍ഷിപ്പിലാണ് സജ്ന രാജ്യത്തെ അധിവേഗ സെഞ്ച്വറിക്കാരിയുടെ പട്ടം തന്റെ പേരിലാക്കിയത്.
പേരുകേട്ട തമിഴ്നാടിന്റെ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പ്രഹരിച്ച് സജ്ന നേടിയത് 120 റണ്‍സ്. 84 പന്തുകള്‍ പിന്നിട്ടപ്പോഴേക്കും മൂന്നക്കം കടന്ന സജ്ന 99 പന്തിലാണ് 120ലെത്തിയത്. പിന്നീട് പന്തുകൊണ്ടും തമിഴ്നാടിനു കടുത്ത ഭീഷണിയുയര്‍ത്തിയ സജ്ന 8.4 ഓവറില്‍ 17 റണ്‍സിനു രണ്ടു വിക്കറ്റും വീഴ്ത്തി കേരളത്തെ രണ്ടാംസ്ഥാനത്തും എത്തിച്ചു. സജ്നയുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ 205 റണ്‍സെടുത്ത കേരളം 92 റണ്‍സിനു തമിഴ്നാടിനെ പുറത്താക്കി വിജയം പിടിക്കുകയായിരുന്നു.
16ാം വയസില്‍ കേരള ടീമിലെത്തിയ സജ്ന അണ്ടര്‍ 19, 23 കേരള ടീമുകളുടെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ മത്സരത്തിലെ മിന്നും പ്രകടനം സജ്നക്ക് ദക്ഷിണ മേഖലാ സീനിയര്‍ ടീമിലേക്കും അണ്ടര്‍ 23 ടീമിലേക്കുമുള്ള അവസരവുമൊരുക്കി. ഈ മാസം 20 മുതല്‍ മുംബൈയില്‍ നടക്കുന്ന സോണല്‍ മത്സരങ്ങള്‍ക്കായി തിരിക്കാനുള്ള ഒരുക്കത്തിലാണ് ഈ മിടുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."