സിറിയയില്‍ ഇസ്റാഈല്‍ പ്രത്യാക്രമണം
ദമസ്കസ്: സിറിയയില്‍ തങ്ങളുടെ യുദ്ധവിമാനത്തിനെതിരേ നടന്ന ആക്രമണത്തിന് ഇസ്റാഈല്‍ പ്രത്യാക്രമണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇറാന് സൈനിക താവളം ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നതിനിടെ ഇസ്റാഈലിന്റെ വിമാനം തകര്‍ന്നത്. ഇത് സിറിയന്‍സേന വെടിവച്ചിട്ടതാണെന്നാണു കരുതപ്പെടുന്നത്. ഇതിനു മറുപടിയായി ഒരു പതിറ്റാണ്ടിനിടെ സിറിയയില്‍ ഇസ്റാഈല്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തങ്ങള്‍ക്കെതിരായ ഏത് ആക്രമണത്തെയും ചെറുക്കുമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമീന് നെതന്യാഹു ഇന്നലെ വ്യക്തമാക്കി. സിറിയയില്‍ പ്രത്യാക്രമണം ആരംഭിച്ച ഉടനെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാന് ഡ്രോണ്‍ വിമാനം സിറിയ-ഇസ്റാഈല്‍ അതിര്‍ത്തി ലംഘിച്ചു പറന്നെന്ന് ആരോപിച്ചായിരുന്നു സിറിയയിലെ ഇറാന് സൈനിക താവളത്തിനു നേരെ ഇസ്റാഈല്‍ ആക്രമണത്തിനു ശ്രമിച്ചത്. എന്നാല്‍, ആരോപണം ഇറാന് നിഷേധിച്ചിട്ടുണ്ട്. സിറിയന്‍, ഇറാന് കേന്ദ്രങ്ങള്‍ക്കു നേരെ പ്രത്യാക്രമണം നടത്തിയതായി ഇസ്റാഈല്‍ അവകാശപ്പെട്ടു.
'ഇറാന് ഇസ്റാഈലിന്റെ പരമാധികാരത്തിലാണു കടന്നുകയറ്റം നടത്തിയിരിക്കുന്നത്. സിറിയയില്‍നിന്ന് ഇസ്റാഈലിലേക്ക് അവര്‍ ഡ്രോണ്‍ വിമാനം അയച്ചിരിക്കുകയാണ്. ഇതിന് ഉത്തരവാദികള്‍ ഇറാനും അവര്‍ക്ക് താവളമൊരുക്കിയ സിറിയന്‍ സര്‍ക്കാരുമാണ്. ഇത്തരം കൈയേറ്റങ്ങളെ ചെറുക്കാന്‍ ഇസ്റാഈല്‍ വേണ്ടത് ചെയ്യും'-നെതന്യാഹു വ്യക്തമാക്കി.
ഇസ്റാഈലിന്റെ എഫ് 16 യുദ്ധവിമാനമാണ് സിറിയയില്‍ തകര്‍ന്നത്. ഇസ്റാഈല്‍ അതിര്‍ത്തിയിലായിരുന്നു സംഭവം. വിമാനം തകരുന്നതിനു മുന്‍പ് രണ്ടു പൈലറ്റുമാര്‍ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ഇരുവരും ഗുരുതരമായ പരുക്കുകളോടെ ഇസ്റാഈല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2006നു ശേഷം ഇതാദ്യമായാണ് ഒരു ഇസ്റാഈല്‍ വിമാനം സൈനിക നടപടിക്കിടെ തകരുന്നത്. 2006ല്‍ ലബനാനില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്റാഈല്‍ വിമാനം തടര്ന്നിരുന്നു.
സിറിയയിലെ ഇറാന് സൈനിക താവളത്തിനെതിരേ നേരത്തെ തന്നെ ഇസ്റാഈല്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്കു സുരക്ഷാഭീഷണിയാണ് താവളമെന്നാണ് ഇസ്റാഈല്‍ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."