എളമ്പേരംപാറ മലബാര്‍ ഫ്യുവല്‍ കോര്‍പറേഷനില്‍ വാതക ചോര്‍ച്ച
തളിപ്പറമ്പ്: എളമ്പേരംപാറയിലെ മലബാര്‍ ഫ്യുവല്‍ കോര്‍പറേഷനില്‍ വാതക ചോര്‍ച്ച. രാവിലെ 10.47നാണ് പ്ലാന്റിലെ സ്റ്റോറേജ് ടാങ്കുകളിലൊന്നിലെ പ്രധാന വാല്‍വിലുണ്ടായ ചോര്‍ച്ച ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെ അപകട സൈറണ്‍ മുഴക്കി. വിവരം കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ പ്ലാന്റിലെ ടെക്‌നീഷ്യന്‍മാര്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അപ്പോഴേക്കും വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ഇലക്ട്രിസിറ്റി ഓഫിസില്‍ വിവരം നല്‍കിയിരുന്നു. ഇതിനിടെ ചെറിയ തോതില്‍ പടര്‍ന്ന തീ ജീവനക്കാര്‍ ചേര്‍ന്ന് വെള്ളമടിച്ച് നിയന്ത്രണ വിധേയമാക്കി.
പ്ലാന്റിലേക്കുള്ള വഴിയില്‍ ആളുകളും വാഹനങ്ങളും തടിച്ചുകൂടുന്നത് ഒഴിവാക്കി ആംബുലന്‍സുകള്‍ക്ക് പൊലിസ് വഴിയൊരുക്കി. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന അറിയിപ്പും നല്‍കി. 11.10ഓടെ ചോര്‍ച്ച പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനായി.
ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വാതക ചോര്‍ച്ചയുണ്ടായ സ്ഥലത്ത് വെള്ളം ചീറ്റി അപകടസാധ്യത ഇല്ലാതാക്കി. നാട്ടുകാരുടെ അന്ധാളിപ്പ് അല്‍പനേരം നീണ്ടെങ്കിലും പിന്നീടാണ് പാചകവാതക അപകടങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ മോക്ഡ്രില്‍ ആണ് ഇതെന്നു മനസിലായത്.
പൊലിസ്, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകള്‍, റവന്യൂ പ്രതിനിധികള്‍, മെഡിക്കല്‍ സംഘം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധികള്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍ പ്ലാന്റിലെത്തിയിരുന്നു. പരുക്കേറ്റ കൂടുതല്‍ പേരെ മെഡിക്കല്‍ സംഘത്തിന്റെ പ്രാഥമിക പരിചരണത്തിനു ശേഷം എന്‍.ഡി.ആര്‍.എഫ് പ്ലാന്റിന് പുറത്ത് സജ്ജമാക്കിയ താല്‍ക്കാലിക ക്യാംപിലേക്ക് മാറ്റി അടിയന്തര ചികിത്സ നല്‍കി.
ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ മോക്ഡ്രില്ലിന്റെ അവലോകനം നടത്തി. ഡെപ്യൂട്ടി കലക്ടര്‍ പി രാമചന്ദ്രന്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ വി.പി നാദിര്‍ഷാന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ഷബ്‌ന, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് കണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ എ കണ്ണയ്യന്‍, കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് എന്‍ ലത, കൂവേരി വില്ലേജ് ഓഫിസര്‍ പോള്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് വിനു ജോസഫിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.ആര്‍.എഫ് നാലാം ബറ്റാലിയനിലെ 27 പേര്‍, തളിപ്പറമ്പ് എസ്.ഐ കെ മുരളീധരന്റെ നേതൃത്വത്തിലുള്ള 35 പൊലിസ് ഓഫിസര്‍മാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലുള്ള ഏഴ് ഫയര്‍ഫോഴ്‌സ് സംഘം തുടങ്ങിയവര്‍ മോക്ഡ്രില്ലിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."