പൂജപ്പുരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: പൂജപ്പുരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലിസ് മണിക്കൂറുകള്‍ക്കകം പിടികൂടി. പുന്നയ്ക്കാമുഗള്‍ മലയത്ത് മേലേ വീട്ടില്‍ ക്ലിന്റി(27)നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
തിരുമല ധന്യാ നിവാസില്‍ സിങ്കം ധനേഷ് (31), കരമന കളത്തറ വീട്ടില്‍ വിനോദ് എന്ന പുഞ്ചിരി വിനോദ് (35), ചിറയിന്‍കീഴ്, അഴൂര്‍ വിള വീട്ടില്‍ രാജേഷ് എന്ന ഒട്ടകം രാജേഷ് (33), കാരയ്ക്കാമണ്ഡപം പൊന്നു മംഗം ലം പുത്തന്‍വീട്ടില്‍ കിരണ്‍ (36), തൃക്കണ്ണാപുരം കുഴിവിള വീട്ടില്‍ പല്ലന്‍ സുരേഷ് എന്ന സുരേഷ് കുമാര്‍ (34), കരുമം പനയന്‍ച്ചേരി വീട്ടില്‍ താടി കുട്ടന്‍ എന്ന വിജയകുമാര്‍ (36), എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 7.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് പുന്നയ്ക്കാമുഗള്‍ പളളിത്തറ ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന ക്ലിന്റിനെ ആട്ടോറിക്ഷയിലും ബൈക്കിലുമായി എത്തിയ അക്രമിസംഘം ചവിട്ടി തളളിയിട്ട ശേഷം വെട്ടി പരുക്കേല്‍പിക്കുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡി.സി.പി അരുള്‍കൃഷ്ണ യൂടെ നിര്‍ദേശാനുസരണം ഷാഡോ പൊലിസിന്റെ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
മണിക്കൂറുകള്‍ക്കുള്ളില്‍ സംഘത്തില്‍പെട്ട പല്ലന്‍ സുരേഷിനെ പിടികൂടി. തുടര്‍ന്ന് ഒളിവില്‍ പോയ മറ്റ് അഞ്ചു പേരെ ഷാഡോ പൊലിസ് ഒളിത്താവത്തില്‍ നിന്നും പിടികൂടുകയായിരുന്നു. ഒട്ടകം രാജേഷിനെ അടൂര്‍ നെല്ലിമൂട് ഭാഗത്തുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്.
സംഭവത്തിന് രണ്ട് ദിവസം മുന്‍പ് ക്ലിന്റും ധനേഷും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലിസ് പറഞ്ഞു.
സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡി.സി.പി അരുള്‍ ബി കൃഷ്ണ, കന്റോണ്‍മെന്റ് എ.സി കെ.ഇ ബൈജു, കണ്‍ട്രോള്‍ റൂം എ.സി സുരേഷ് കുമാര്‍, പൂജപ്പുര എസ്.ഐ മാരായ രാകേഷ്. ജെ, പ്രസന്നന്‍, എസ്.സി.പി.ഒ രാജ് കിഷോര്‍, സിറ്റി സൈബര്‍ സെല്‍ എസ് ഐ. മണികണ്ഠന്‍, സിറ്റി ഷാഡോ എസ്.ഐ സുനില്‍ ലാല്‍, സിറ്റി ഷാഡോ ടീം അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."