വിദ്യാര്‍ഥിക്ക് പ്രിന്‍സിപ്പലിന്റെ മര്‍ദനമേറ്റ സംഭവം; പ്രതിഷേധം അക്രമാസക്തമായി
കൊട്ടാരക്കര: ഇംഗ്ലീഷ് പറയുന്നവര്‍ മാത്രമെ ഇവിടെ പഠിച്ചാല്‍ മതിയെന്നാണ് കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അലിഖിത നിയമം. മലയാളം പറയാന്‍ കഴിയുന്ന ഏക വിഭാഗം ഡ്രൈവര്‍മാരാണ്. കുട്ടികള്‍ മലയാളം പറഞ്ഞതിനാല്‍ പിഴ ഒടുക്കിയ നിരവധി പരാതികള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. 2011ല്‍ ഇത് സംബന്ധിച്ച നല്‍കിയ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസവും കൊട്ടാരക്കര സ്വദേശിയായ 9-ാം ക്ലാസുകാരനെ സ്‌കൂളില്‍ നിന്ന് പറഞ്ഞ് വിട്ടിരുന്നു. മതാചാരപ്രകാരം വേഷമണിഞ്ഞെത്തിയ മറ്റൊരു വിദ്യാര്‍ഥിനിക്കു നേരെയും ഭീഷണിയുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. പലരും തങ്ങളുടെ കുട്ടികള്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് കണ്ട് ആനന്ദമടയുന്നതുകൊണ്ടാണ് പിഴയും മര്‍ദനവിവരവും പുറത്തുപറയാത്തതെന്ന് ചില അധ്യാപകര്‍ തന്നെ പറയുന്നു. അധ്യാപര്‍ക്കും ശമ്പളം നല്‍കുന്ന കാര്യത്തിലും ഇതേ നയമാണ്. പ്രതികരിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്ക്കുന്നതായും ആക്ഷേപമുണ്ട്. മാനേജ്‌മെന്റിന്റെ സ്വാധീനശക്തിയില്‍ ഭയന്ന് ആരും പ്രതികരിക്കാറില്ല.
കലയപുരം മലയില്‍ ബഥേല്‍വില്ലയില്‍ ഏബല്‍ (12)എന്ന എഴാംക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് പലരും അനുഭവങ്ങള്‍ പുറത്തുപറയുന്നത്. വിദ്യാര്‍ഥിയെ കൈ കെട്ടിനില്‍ക്കാന്‍ ആവശ്യപ്പെട്ടു വലിയ ചൂരല്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. കാരണം തിരക്കിയ വിദ്യാര്‍ത്ഥികളോട് 'നോ എക്‌സ്പ്ലനേഷന്‍, കാമറ വഴി എല്ലാം ഞാന്‍ കാണുന്നുണ്ട് ' എന്ന് പറഞ്ഞ് വീണ്ടും മര്‍ദനം. അടികൊണ്ട് കുട്ടിയുടെ പൃഷ്ഠഭാഗം പൊട്ടി ആറ് മുറിവുകളുണ്ട്. ക്രൂരമായ മര്‍ദനമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. വാര്‍ത്ത പുറത്തായതോടെ നാട്ടുകാരടെയും വിദ്യാര്‍ഥി യുവജനസംഘടനകളുടേയും ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധമാണ് ഉണ്ടായത്.
അക്രാമാസക്തരായ സമരക്കാര്‍ സ്‌കൂള്‍ അടിച്ച് പൊളിക്കുകയും ചെയ്തു. പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ പറയുന്നു.
കുട്ടികളെ മൃഗീയമായി മര്‍ദിച്ച ഫാദര്‍ ജോണ്‍പാലവിളയെ അറസ്റ്റ് ചെയ്തില്ലങ്കില്‍ തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കുമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ: വയയ്ക്കല്‍ സോമനും, മണ്ഡലം പ്രസിഡന്റ് സി. വിജയകുമാറും പറഞ്ഞു. അറസ്റ്റ് വൈകിയാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് കേരളാകോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എ. ഷാജുവും, മണ്ഡലം പ്രസിഡന്റ് ജേക്കബ്ബ് വര്‍ഗീസ് വടക്കടത്തും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."