ദലിത് വിദ്യാര്‍ഥിയുടെ മരണം ; അലഹബാദില്‍ വിദ്യാര്‍ഥി പ്രതിഷേധം അക്രമാസക്തം
ലഖ്‌നൗ: യോഗി സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി അലഹബാദില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി കലാപം നിയന്ത്രണാതീതം.
അലഹബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവമാണ് കലാപത്തിന് കാരണമായത്. നിരവധി ബസുകള്‍ക്ക് തീയിട്ടുകൊണ്ട് വ്യാപകമായ അക്രമങ്ങള്‍ നടത്തിയാണ് രോഷാകുലരായ വിദ്യാര്‍ഥികള്‍ ഇതിനെതിരേ പ്രതികരിച്ചത്. പ്രതിഷേധക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റ് എല്‍.വൈ സുഹാസിന്റെ ഓഫിസ് ഉപരോധിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് ദലിത് വിദ്യാര്‍ഥി ദിലീപ് സരോജിനെ ഒരു റസ്റ്റോറന്റില്‍ വച്ച് നാലുപേര്‍ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. ഇന്നലെ മരിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റസ്റ്റോറന്റ് ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിദ്യാര്‍ഥികള്‍ സമാജ് വാദി യുവജന സഭ, അഖിലേന്ത്യാ സ്റ്റുഡന്റ് അസോസിയേഷന്‍(ഐസ) എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിച്ചത്. വിദ്യാര്‍ഥികള്‍ അലഹബാദ് നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സര്‍ക്കാര്‍-പൊലിസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചാണ് അക്രമ പ്രവര്‍ത്തനം നടത്തിയത്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക, മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് നഷ്പരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
മരിച്ച സരോജ് എല്‍.എല്‍.ബി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇയാളെ ആക്രമിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്നത് ജാതി രാഷ്ട്രീയമാണെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു.
രാജ്യത്താകമാനം ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം അക്രമങ്ങളെന്നും മായാവതി ആരോപിച്ചു. താഴേക്കിടയിലുള്ള ജനങ്ങള്‍ വിദ്യാഭ്യാസം നേടുന്നതില്‍ അസൂയപൂണ്ടവരാണ് അക്രമം നടത്തുന്നത്. രാജ്യത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും മായാവതി ആരോപിച്ചു.
ഇന്നലെ നിയമസഭയിലും ദലിത് വിദ്യാര്‍ഥിയുടെ കൊലപാതകം വലിയ കോളിളക്കത്തിന് ഇടയാക്കി. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, രാജ്യവ്യാപകമായി ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ അക്രമം തുടരുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍പോലും നിശബ്ധത പാലിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഹമ്മദ് ഹസന്‍ ആരോപിച്ചു.
യു.പിയില്‍ നിയമസമാധാനം ഇല്ലാതാക്കിയത് ബി.ജെ.പി സര്‍ക്കാരാണ്. സംസ്ഥാനം അക്രമങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. ഇവിടെ നിയമസമാധാനം എന്നത് ഇല്ലാതായിരിക്കുകയാണ്. വിദ്യാര്‍ഥിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."