20 വര്‍ഷമായി ഈ കട അടച്ചിട്ടേയില്ല
തളിപ്പറമ്പ്: സി.സി ടി.വി കാമറയും കാവല്‍ക്കാരനുമൊക്കെയുണ്ടായിട്ടും മോഷ്ടാക്കള്‍ വിലസുന്ന നാട്ടില്‍ കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി രാപകല്‍ തുറന്നിട്ടിരിക്കുന്ന കട കൗതുകമാവുന്നു. പെട്ടിക്കടകള്‍ക്ക് പോലും കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്ന കാലത്താണ് പതിനായിരങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ നിരത്തിവച്ച് കടയടക്കാതെ ഉടമ വീട്ടില്‍ സമാധാനത്തോടെ കിടന്നുറങ്ങുന്നത്.
തളിപ്പറമ്പ്് മന്ന-ആലക്കോട് റോഡില്‍ മന്ന ജങ്ഷനില്‍ മുയ്യം സ്വദേശി കെ.പി അഹമ്മദ് നടത്തുന്ന കടയില്‍ ഓട്, സിമന്റ് തൂണുകളും പൂച്ചട്ടി മുതല്‍ മീസാന്‍കല്ലുകള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഇദ്ദേഹം ഇരുപതിലേറം വര്‍ഷമായി കട അടച്ചിട്ട്. ആരംഭ കാലത്ത് അടക്കാറുണ്ടായിരുന്ന കട പിന്നീട് എന്നുംതുറന്നുവയ്ക്കുകയായിരുന്നു.
നാല്‍ക്കാലികള്‍ കടയ്ക്കകത്തേക്ക് കയറാതിരിക്കാന്‍ മരക്കമ്പുകള്‍വച്ച് തടസം സൃഷ്ടിക്കാറാണ് പതിവ്. ഇന്നേവരെ കടയില്‍ നിന്ന് ഒരു സാധനവും മോഷണം പോയിട്ടില്ലെന്നും അഹമ്മദ് പറയുന്നു. പകല്‍ മിക്ക സമയങ്ങളിലും സ്ഥിരമായി കടയിലിരിക്കാറില്ലത്ത മുഹമ്മദിനെ ആവശ്യക്കാര്‍ കടയില്‍ പ്രദര്‍ശിപ്പിച്ച നമ്പറില്‍ ബന്ധപ്പെട്ട് വിളിച്ചു വരുത്താറാണ് പതിവ്. കടയില്‍ സഹായികളായിട്ടും ആരുമില്ല. തിരക്കേറിയ മന്ന ജങ്ഷനില്‍ രാത്രി പന്ത്രണ്ടോടെ പൂര്‍ണമായും വിജനമാകുമെങ്കിലും അഹമ്മദിന്റെ കടയിലേക്ക് ആരും തന്നെ അനാവശ്യമായി ഇതേവരെ കടന്നുചെന്നിട്ടില്ലെന്നത് നാട്ടുകാര്‍ക്കും അത്ഭുതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."