കളിയും കാര്യവും ചിരിയും ആഘോഷവുമായി 'എന്റെ ഈരാറ്റുപേട്ട' ഫെയ്‌സ്ബുക്ക് സംഗമം
ഈരാറ്റുപേട്ട: ഓണ്‍ലൈന്‍ ലോകത്ത് ആശയ സംഘട്ടനവുമായി പരസ്പരം ഏറ്റുമുട്ടുന്ന അവര്‍ ഓഫ് ലൈന്‍ ലോകത്ത് പരസ്പരം കൈകോര്‍ത്ത് കളിയും ചിരിയുമായി ഒരു സായാഹ്നം. ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ഫെയ്‌സ്ബുക്കിലെ കൂട്ടായ്മയായ എന്റെ ഈരാറ്റുപേട്ട ഗ്രൂപ്പ് സംഘടിപ്പിച്ച രണ്ടാത് സംഗമമാണ് ആഘോഷനിറവില്‍ വേറിട്ടതായത്.
പ്രദേശത്തെ ജീവ കാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കലും ഗ്രൂപ്പ് അംഗങ്ങളുടെ സംഗമവുമാണ് നടക്കല്‍ ബറക്കാത്ത് മഹല്‍ ഓഡിറ്റോറിയത്തിലെ ഒരു സായാഹ്നം അവിസ്മരണീയമാക്കി മാറ്റിയത്. മുന്നൂറ്റമ്പതോളം പേര്‍ പങ്കെടുത്ത സംഗമത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും പി.സി. ജോര്‍ജ് നിര്‍വഹിച്ചു.
തന്റെ ഫേസ്ബുക്ക് പേജ് പൊതുജനങ്ങളുമായുള്ള ആശയവിനിയമത്തിനുള്ള മാര്‍ഗമായി മാറ്റിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട കരുണ വളണ്ടിയര്‍ എസ്.കെ. നൗഫലിന് മര്‍ഹും പി.എം.എ. റഹീം പാറയില്‍ സ്മാരക അവാര്‍ഡായ 10001 രൂപയും ഫലകവും, രണ്ടാം സ്ഥാനത്തെത്തിയ ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സിലറും സാമൂഹ്യ പ്രവര്‍ത്തകനുമായ പി.എം. അബ്ദുല്‍ ഖാദറിന് മര്‍ഹും പുളിത്തോട്ടിയില്‍ ഹുസന്‍ഖാന്‍ തെക്കേക്കര സ്മാരക അവാര്‍ഡായ 5001 രൂപയും ഫലകവും, അവസാനഘട്ട വോട്ടെടുപ്പിലെ ഫൈനലിസ്റ്റുകളായ കെ.എ. മുഹമ്മദ് നദീര്‍ മൗലവി, അന്‍സാരി ഈലക്കയം, എം.ആര്‍. സിറാജ് തെക്കേക്കര എന്നിവര്‍ക്കുള്ള ഫലകവും പി.സി. ജോര്‍ജ് വിതരണം ചെയ്തു.
മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദ് മുഖ്യപ്രഭാഷണം നടത്തി. കെ.എ. സാജിദ് ഈരാറ്റുപേട്ട അധ്യക്ഷത വഹിച്ചു. സ്ഥാപക അഡ്മിന്‍ നസീബ് വട്ടക്കയം സ്വാഗതവും മുഹമ്മദ് റയീസ് പടിപ്പുരക്കല്‍ നന്ദിയും പറഞ്ഞു.
ചാക്കില്‍ചാട്ടം, കസേര കളി, നാരങ്ങാ സ്പൂണ്‍ തുടങ്ങിയ മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്കും ഗ്രൂപ്പില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ഫല പ്രവചന മത്സരത്തില്‍ വിജയിയായ ബാസിത് അന്‍സാരി കൊല്ലംപറമ്പിലിനും പി.സി. ജോര്‍ജ് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിപാടിക്കു മുന്നോടിയായി ഈരാറ്റുപേട്ട നഗരസഭാ പരിധിയില്‍ മുഴുവനായി വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിക്കു ശേഷം ബാന്റ്മിക്‌സ് ഓര്‍ക്കസ്ട്ര ഈരാറ്റുപേട്ടയുടെ ഗാനസന്ധ്യയും ഉണ്ടായിരുന്നു.
മുഹമ്മദ് ശിബിലി, ജാമിര്‍ വി.എം, അമീന്‍ ഇഞ്ചക്കാട്, സിയാദ് മുഹമ്മദ്, അന്‍സാര്‍ നജീബ്, ഷെര്‍ബിന്‍ പാറയില്‍, ഫസില്‍ ഫരീദ്, അജ്മല്‍ പൊന്തനാല്‍, ജലീല്‍ കെ.കെ.പി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."