ഉദിച്ചുയര്‍ന്ന സൂര്യതേജസ്
ബംഗളൂരു: കഴിഞ്ഞ രണ്ടു വട്ടവും അവസാന സ്ഥാനക്കാരായ ഒരു ടീമിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഐ.പി.എല്‍ ഒന്‍പതാം സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബദിന്റെ കിരീട നേട്ടം.
കളിക്കളത്തിലെ ടീം സ്പിരിറ്റിന്റെ ഉദാഹരണം കൂടിയാണ് അവരുടെ വിജയം. ടി20യുടെ എല്ലാ ആവേശങ്ങളും നിറഞ്ഞു നിന്ന കലാശപ്പോരില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയെന്ന ഖ്യാതിയുമായെത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വീഴ്ത്തി സണ്‍റൈസേഴ്‌സ് കിരീടം സ്വന്തമാക്കിയപ്പോള്‍ ടൂര്‍ണമെന്റിന് പുതിയൊരു ചാംപ്യനെയാണ് ലഭിച്ചത്.
2013ലെ ഐ.പി.എല്‍ ആറാം സീസണിലാണ് ഹൈദരാബാദ് ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങുന്നത്. പ്രഥമ സീസണില്‍ തന്നെ സെമിയിലെത്തിയെങ്കിലും പിന്നീടുള്ള രണ്ടു സീസണുകളിലും നിറംമങ്ങി പോയി. എന്നാല്‍ ഇത്തവണ കഴിഞ്ഞ സീസണുകളിലൊന്നും കാണിക്കാത്ത ഒത്തൊരുമയാണ് അവര്‍ കളിക്കളത്തില്‍ പ്രകടിപ്പിച്ചത്.
നായകന്‍ ഡേവിഡ് വാര്‍ണര്‍ 17 കളിയില്‍ 848 റണ്‍സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ക്യാപ്റ്റന്‍സിയിലും വാര്‍ണറുടെ മികവ് കാണാമായിരുന്നു. സമ്മര്‍ദഘട്ടങ്ങളില്‍ വീണു പോകുമായിരുന്ന ടീമിനെ മികവുറ്റ ക്യാപ്റ്റന്‍സിയിലൂടെ മടക്കി കൊണ്ടുവരാന്‍ വാര്‍ണര്‍ക്ക് സാധിച്ചു.
ഫൈനലിലും ആ മികവ് വാര്‍ണര്‍ തുടര്‍ന്നു. പതറിപ്പോകാതെ സഹ താരങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുത്ത് വാര്‍ണര്‍ ഒരുക്കിയ തന്ത്രങ്ങളാണ് ഹൈദരാബാദിന്റെ വിജയ ഫോര്‍മുലയില്‍ മുഖ്യം. ഉള്ള വിഭവത്തെ ഫലപ്രദമായി വിനിയോഗിക്കാനുള്ള ഇച്ഛാശക്തി വാര്‍ണര്‍ പ്രകടിപ്പിച്ചു.
ഗുജറാത്ത് ലയണ്‍സിനെതിരായ സെമിയെന്നു വിശേഷിപ്പിക്കപ്പെട്ട പോരില്‍ ഓപണറായി ഇറങ്ങി പുറത്താകാതെ 93 റണ്‍സടിച്ച് ടീമിനെ ഏറെക്കുറെ ഒറ്റയ്ക്ക് ഫൈനലിലേക്ക് എത്തിക്കുന്നതില്‍ വരെ നായകന്റെ ചങ്കുറപ്പ് വാര്‍ണര്‍ പ്രകടിപ്പിച്ചു. സമീപകാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായി ആ ഇന്നിങ്‌സ് മാറി. തുടക്കത്തില്‍ പ്രമുഖ താരം യുവരാജ് സിങ് പരുക്ക് മൂലം പുറത്തിരുന്നത് ടീമിന് ആശങ്ക സൃഷ്ടിച്ചെങ്കിലും ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ യുവരാജ് നിര്‍ണായക പ്രകടനങ്ങള്‍ കാഴ്ച്ചവച്ചു തന്റെ മൂല്യം കുറഞ്ഞിട്ടില്ലെന്നു വീണ്ടും തെളിയിച്ചു.
കൊല്‍ക്കത്തയ്‌ക്കെതിരായ സെമി പോരാട്ടത്തില്‍ തകര്‍ന്നു പോയ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത് യുവിയുടെ ഇന്നിങ്‌സായിരുന്നു. ഫൈനലിലും ടീം തകര്‍ന്നപ്പോള്‍ നേരെനിര്‍ത്തിയത് യുവരാജിന്റെ ഇന്നിങ്‌സായിരുന്നു. വലിയ ബഹളങ്ങളൊന്നുമില്ലാതെ എത്തി കൂറ്റനടികളിലൂടെ ടീമിന്റെ സ്‌കോര്‍ 200 കടത്തുകയും നിര്‍ണായകമായ രണ്ടു വിക്കറ്റെടുക്കുകയും ചെയ്ത ബെന്‍ കട്ടിങെന്ന ഓള്‍റൗണ്ടറുടെ മികവും ശ്രദ്ധേയമായിരുന്നു. മറ്റൊന്ന് ശിഖര്‍ ധവാന്റെ ഫോമിലേക്കുള്ള മടങ്ങിവരവാണ്. തുടര്‍ച്ചയായി കുറഞ്ഞ സ്‌കോറില്‍ പുറത്തായ ധവാന്‍ പിന്നീട് മികച്ച ഇന്നിങ്‌സുകളിലൂടെ ടീമിന് ജയം സമ്മാനിച്ചു. 17 കളിയില്‍ നിന്ന് 501 റണ്‍സാണ് ധവാന്റെ സമ്പാദ്യം.
ഹൈദരാബാദിന്റെ വിജയം എന്നത് ഒരിക്കലും ബാറ്റ്‌സ്മാന്‍മാരുടെ വിജയമായി കാണാനാവില്ല. ടി20യില്‍ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങാന്‍ മാത്രമുള്ളവരാണെന്ന ധാരണയെ തെറ്റിച്ച ടീം കൂടിയാണ് ഹൈദരാബാദ്. ഭുവനേശ്വര്‍ കുമാര്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നീ രണ്ടു ബൗളര്‍മാരും അവരുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കി.
ഫൈനലില്‍ അവസാന ഓവറുകളിലെ കണിശതയാര്‍ന്ന ബൗളിങിലൂടെ ഭുവനേശ്വര്‍ കുമാര്‍ ബാംഗ്ലൂര്‍ താരങ്ങളെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു. 17 കളികളില്‍ നിന്നു 23 വിക്കറ്റാണ് ഭുവനേശ്വറിന്റെ സമ്പാദ്യം. പക്ഷേ ഭുവനേശ്വറിനേക്കാള്‍ പന്തുകൊണ്ട് അദ്ഭുതപ്പെടുത്തിയത് മുസ്തഫിസുര്‍ റഹ്മാന്‍ എന്ന 20കാരനാണ്. 16 കളിയില്‍ നിന്ന് 17 വിക്കറ്റാണ് മുസ്തഫിസുറിന്റെ സമ്പാദ്യം. വിക്കറ്റിനേക്കാളേറെ താരം വഴങ്ങുന്ന റണ്‍സാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. നിര്‍ണായകമായ പല മത്സരങ്ങളിലും മികച്ച ഇക്കോണമിയോടെ പന്തെറിയാന്‍ മുസ്തഫിസുറിന് സാധിച്ചിട്ടുണ്ട്.
യോര്‍ക്കറുകളും വേഗം കുറഞ്ഞ പന്തുകളും കൊണ്ടു ബംഗ്ലാ താരം ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കി. ഫൈനലിലും ആ കണിശത കാത്തുസൂക്ഷിക്കാന്‍ താരത്തിനായിട്ടുണ്ട്. ബരീന്ദര്‍ സ്രാന്‍, ആശിഷ് നെഹ്‌റ എന്നിവരുടെ സംഭാവനയും മറന്നു കൂടാത്തതാണ്.
മറുഭാഗത്ത് ബാംഗ്ലൂരാവട്ടെ മൂന്നാം വട്ടവും ഫൈനലില്‍ തോല്‍ക്കാനായിരുന്നു അവരുടെ യോഗം. ക്രിസ് ഗെയ്ല്‍, വിരാട് കോഹ്‌ലി, എ.ബി ഡിവില്ല്യേഴ്‌സ്, ഷെയ്ന്‍ വാട്‌സന്‍ തുടങ്ങിയ ലോകോത്തര താരനിരയുണ്ടായിട്ടും കിരീടം കിട്ടാക്കനിയായി നില്‍ക്കുന്നു. വ്യക്തിഗത മികവിനേക്കാള്‍ കൂട്ടായ പ്രവര്‍ത്തനമാണ് ഒരു ടീമിന്റെ ശക്തി എന്നതാണ് ഹൈദരാബാദിന്റെ വിജയവും ബാംഗ്ലൂരിന്റെ തോല്‍വി കാണിക്കുന്നത്.
പത്തോവറില്‍ 114 റണ്‍സ് റണ്‍സ് വഴങ്ങിയിട്ടും അടുത്ത പത്തോവറിനുള്ളില്‍ മത്സരം തിരിച്ചുപിടിക്കാമെന്ന ഹൈദരാബാദ് നായകന്‍ വാര്‍ണറുടെ കണക്കുകൂട്ടലിനനുസരിച്ച് താരങ്ങള്‍ ഒത്തൊരുമിച്ചപ്പോഴാണ് അവര്‍ വിജയ തീരമണഞ്ഞതെങ്കില്‍ ഗെയിലും കോഹ്‌ലിയും സ്വപ്നതുല്ല്യ തുടക്കം നല്‍കിയിട്ടും അതു മുതലാക്കാന്‍ പിന്നീടെത്തിയ ഡിവില്ല്യേഴ്‌സടക്കമുള്ള താരങ്ങള്‍ക്ക് സാധിച്ചില്ല എന്നത് ബാംഗ്ലൂരിന്റെ വിധിയെഴുതി. വിജയിക്കാനുള്ള ഹൈദരാബാദ് താരങ്ങളുടെ ആഗ്രഹം അവരുടെ ശരീരഭാഷയില്‍ നിന്നു വ്യക്തമാണ്. മറുഭാഗത്ത് ബാംഗ്ലൂര്‍ താരങ്ങള്‍ ഓരോ ഓവര്‍ കഴിയും തോറും സമ്മര്‍ദത്തിനടിപ്പെടുകയായിരുന്നു.
ഇതില്‍ നിന്ന് കരകയറാനും അവര്‍ക്ക് സാധിച്ചതുമില്ല. ഫൈനല്‍ പോലുള്ള നിര്‍ണായക അവസരങ്ങളില്‍ പോരാട്ട മികവ് അത്യാവശ്യമാണെന്നതും അവര്‍ മറന്നു.
എങ്കിലും എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന പ്രകടനങ്ങള്‍ നടത്തിയാണ് ബാംഗ്ലൂര്‍ ഇത്തവണയും കളം വിട്ടത്. നായകന്‍ വിരാട് കോഹ്‌ലിയുടെ അസാമന്യം എന്നു വിശേഷിപ്പിക്കാവുന്ന അതിമനോഹര ഇന്നിങ്‌സുകളായിരുന്നു ഈ ഐ.പി.എല്ലിന്റെ പ്രത്യേകത.
പതിവു പോലെ ഗെയിലും ഡിവില്ല്യേഴ്‌സും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. യൂഷ്‌വേന്ദ്ര ചഹല്‍ എന്ന യുവ സ്പിന്നറുടെ മികവും കാണാതിരുന്നുകൂടാ. ഒപ്പം സച്ചിന്‍ ബേബിയെന്ന കേരള താരം തനിക്ക് കിട്ടിയ അവസരം ശരിക്കും മുതലാക്കിയതോടെ സഞ്ജുവിനു ശേഷം ഐ.പി.എല്ലിലൂടെ മറ്റൊരു കേരള താരവും ദേശീയ ശ്രദ്ധയിലെത്തി.
ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായ ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. ഇന്ത്യന്‍ ടീമില്‍ അടുത്തകാലത്തായി ഇടം ലഭിക്കാതെ പോയ റോബിന്‍ ഉത്തപ്പ, യൂസുഫ് പഠാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. കരുണ്‍ നായര്‍, കെ.എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ തുടങ്ങി ഭാവി ഇന്ത്യന്‍ ടീമിന്റെ പതാകാവാഹകരാവേണ്ട താരങ്ങളുടെ പ്രകടനങ്ങള്‍ ആശ്വാസത്തിനു വക നല്‍കുന്നതാണ്.
ഐ.പി.എല്ലിലെ പ്രകടനമികവില്‍ സിംബാബ്‌വേ പര്യടനത്തിനുള്ള ടീമിലിടം കിട്ടിയ ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് ദേശീയ ടീമിലും പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നു പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."