മണ്ണിന്റെ മനസ്സറിഞ്ഞ് അഷ്റഫ്
താമരശേരി: കാര്‍ഷിക മേഖലയെ ജീവനുതുല്യം സ്‌നേഹിക്കുന്നവര്‍ക്ക് മണ്ണില്‍ പൊന്നു വിളയിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് താമരശേരി അണ്ടോണ സ്വദേശി അഷ്റഫ്.
കാല്‍ നൂറ്റാണ്ടോളമായി അഷ്റഫ് തന്റെ ജോലിയില്‍ ഏര്‍പ്പെട്ട് വരുന്നു.പരമ്പരാഗത കൃഷി രീതിയാണ് ഇദ്ദേഹം ഇപ്പോഴും തുടര്‍ന്ന് വരുന്നത്.ഇത്തവണ നിലത്തിറക്കിയ എള്ളുകൃഷി മികച്ച രീതിയില്‍ ഫലം കണ്ടതിന്റെ ആവേശത്തിലാണ് ഇദ്ദേഹം.
നെല്ല്,വാഴ,ചോളം,എള്ള്,തുടങ്ങിയ വിവിധ ഇനം പച്ചക്കറികളിലെല്ലാം അഷ്റഫ് നൂറുമേനി വിജയം വരിച്ചിട്ടുണ്ട്.സ്വന്തമായുള്ള വയലിനോടൊപ്പം പാട്ടത്തിനെടുത്ത പാട ശേഖരത്തിലുമാണ് അഷ്റഫ് കൃഷി ഇറക്കുന്നത്.നിലമുഴുതുന്നതുള്‍പ്പെടെയുള്ള കൃഷിരീതികള്‍ ഇദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്.
നിലമുഴുതുന്നതിനായി സ്വന്തമായി കാളകളും,പോത്തുകളും ഇദ്ദേഹത്തിനുണ്ട്.പ്രവാസ ജീവിതത്തിനു ശേഷം ലോറി ട്രൈവറായും സേവനം ചെയ്ത അഷ്റഫ് കൃഷിയോടുള്ള താല്‍പ്പര്യാര്‍ത്ഥം ഇതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
കാല്‍നൂറ്റാണ്ട് കാലത്തെ പാരമ്പര്യമുള്ള അഷ്റഫ് ഇക്കുറി കൃഷി വകുപ്പിന്റെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് കൃഷി ഇറക്കിയിരിക്കുന്നത്.തീര്‍ത്തും ജൈവ വളം ഉപയോഗിച്ച് നടത്തുന്ന കൃഷിക്ക് ഉണങ്ങിയ ചാണകപ്പൊടി,പച്ചില വളങ്ങള്‍ എന്നിവയെല്ലാം വളമായി ഉപയോഗിക്കുന്നു.
കൊയ്ത്തുകഴിഞ്ഞ് വയല്‍ കാളയെ കൊണ്ട് ഉഴുതു മറിച്ച് ചാണകപ്പൊടി വിതറി നിലം ഒരുക്കുന്നതാണ് ഇദ്ദേഹത്തിന്റെ കൃഷി രീതി.തന്റെ കാര്‍ഷിക ജീവിതത്തിനിടയില്‍ നിരവധി തവണ കൃഷി നശിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും നിരാശ തോന്നിയിട്ടില്ലെന്നും അഷ്റഫ് പറയുന്നു.പിതാവ് പരേതനായ മൂന്നാംപിലാക്കിയില്‍ കാദര്‍ ഹാജിയില്‍ നിന്നാണ് കൃഷിയുടെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയത്.വീട്ടിലേക്കാവശ്യമായ ഭക്ഷ്യ ധാന്യങ്ങള്‍ മിക്കതും സ്വന്തമായി ഉണ്ടാക്കാന്‍ കഴിയുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമായി അഷ്റഫ് കരുതുന്നു.ഭാര്യ റംലയും മൂന്നു മക്കളും സഹായത്തിനായി കൂട്ടിനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."