തായിഫില്‍ അനുഗ്രഹം തേടല്‍ മരം അധികൃതര്‍ മുറിച്ചുമാറ്റി
ജിദ്ദ: തായിഫിനു സമീപം ബനീസഅദിലെ അനുഗ്രഹം തേടല്‍ മരം അധികൃതര്‍ മുറിച്ചൊഴിവാക്കി. മലയാളികളടക്കം നിരവധി ഉംറ തീര്‍ഥാടകര്‍ തായിഫിന് സമീപമുള്ള ബനീസഅദിലെ ഒരു മരത്തിന് സമീപത്തുനിന്ന് അനുഗ്രഹം തേടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
മലയാളി ഉംറ തീര്‍ഥാടകര്‍ കൂടുതലായുള്ള വീഡിയോ ദൃശ്യം നിരവധി അറബി വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഉംറ സംഘത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനാണ് മരവും കല്ലുകളും അടക്കമുള്ള ഈ അടയാളങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
താഇഫിലെ മീസാന്‍ പ്രവിശ്യയിലെ ബനൂ സഅദിലെ നാല് സ്ഥലങ്ങളില്‍നിന്നും ഇവ നീക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ പുണ്യകേന്ദ്രമെന്നോണം ബനീസഅദിലേക്ക് പ്രവഹിക്കുന്നതും ഇവിടുത്തെ മരത്തില്‍നിന്നും കല്ലുകളില്‍നിന്നും അനുഗ്രഹം തേടുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."