മടക്കര പുഴയില്‍ കല്ലുമ്മക്കായ ചാകര
ചെറുവത്തൂര്‍: മടക്കര തുറമുഖത്തെ പുഴയില്‍ കല്ലുമ്മക്കായ ചാകര. കടല്‍ വെള്ളം കലര്‍ന്നു പുഴയിലെ ഉപ്പിന്റെ അംശം കൂടിയതാണു കൈനിറയെ കല്ലുമ്മക്കായ ലഭിക്കാന്‍ കാരണം. ഏതാനും ആഴ്ചകളായി കടലില്‍ നിന്നുള്ള മത്സ്യവരവ് നന്നേ കുറവാണ്. മീന്‍ തേടിയെത്തുന്ന പലരും ഇപ്പോള്‍ കല്ലുമ്മക്കായയുമായാണു മടങ്ങുന്നത്. കവ്വായി കായല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വലിയ തോതില്‍ കല്ലുമ്മക്കായ കൃഷി നടക്കുന്നുണ്ട്. എന്നാല്‍ കൃഷി ചെയ്യാതെ തന്നെ പുഴയില്‍ നിന്നു ധാരാളമായി കല്ലുമ്മക്കായകള്‍ ലഭിച്ചതോടെ മത്സ്യബന്ധനം നടത്തിയിരുന്ന പലരും ഇപ്പോള്‍ ഈ തൊഴിലിലേക്ക് തിരിഞ്ഞു കഴിഞ്ഞു. പുഴയോരത്തെ പാറക്കല്ലുകളില്‍ പറ്റിപ്പിടിച്ചിരുന്ന കല്ലുമ്മക്കായകള്‍ ഏതാണ്ട് പൂര്‍ണമായും പറിച്ചെടുത്തു കഴിഞ്ഞു. ഇപ്പോള്‍ വേലിയിറക്ക സമയത്ത് പുഴയില്‍ നിന്നു തന്നെ മുങ്ങിയെടുക്കുകയാണു ചെയ്യുന്നത്. ചെറുവള്ളങ്ങളില്‍ എത്തിയാണ് ഇവ ശേഖരിക്കുന്നത്. കൂട്ടമായി കാണുന്ന കല്ലുമ്മക്കായകള്‍ വേര്‍തിരിക്കാന്‍ സ്ത്രീകളും വള്ളങ്ങളിലുണ്ട്. ഇങ്ങനെ ശേഖരിക്കുന്നവ കുട്ടകളിലാക്കി അപ്പോള്‍ തന്നെ ലേലം ചെയ്യും. ചെറിയ കല്ലുമ്മക്കായകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. മാര്‍ച്ച് മാസമാകുമ്പോഴേക്കേ ഇപ്പോള്‍ ലഭിക്കുന്ന കല്ലുമ്മക്കായകള്‍ പൂര്‍ണ വളര്‍ച്ചയെത്തുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."