റേഷന്‍കാര്‍ഡില്‍ പേരില്ലാത്തവര്‍ക്ക് പുതിയതിന് ഇന്നുമുതല്‍ അപേക്ഷിക്കാം പേരുള്ളവര്‍ മെയ് വരെ കാത്തിരിക്കണം
കൊണ്ടോട്ടി: കുടുംബങ്ങളിലെ റേഷന്‍കാര്‍ഡില്‍ ഇതുവരെ പേരില്ലാത്തവര്‍ക്ക് മാത്രം പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഇന്നുമുതല്‍ സിവില്‍ സപ്ലൈസ് ഓഫിസുകളില്‍ സ്വീകരിച്ചു തുടങ്ങും. സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തവരില്‍ നിന്നും, ഇക്കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ സമയത്ത് അതിന് കഴിയാത്തവരില്‍ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇതോടൊപ്പം റേഷന്‍കാര്‍ഡില്‍ ഫോട്ടോ പതിഞ്ഞിട്ടില്ലാത്തവര്‍ക്ക് രണ്ടുഫോട്ടോയുമായി അപേക്ഷിച്ചാല്‍ അവ പതിച്ചു നല്‍കുകയും ചെയ്യും.
റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് നിലവിലെ കാര്‍ഡില്‍നിന്ന് ഒഴിവാക്കപ്പെടുകയും എന്നാല്‍ പുതിയ കാര്‍ഡ് യഥാസമയം അപേക്ഷ നല്‍കി കരസ്ഥമാക്കാന്‍ കഴിയാത്തവരുമായി ആയിരക്കണക്കിന് പേര്‍ സംസ്ഥാനത്തുണ്ട്. ഇത്തരക്കാര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എന്നാല്‍, തറവാട്ടു വീട്ടില്‍ റേഷന്‍കാര്‍ഡില്‍ പേരുള്‍പ്പെടുകയും പിന്നീട് താമസം മാറ്റുകയും ചെയ്ത കുടുംബങ്ങള്‍ക്ക് സ്വന്തമായി റേഷന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ മെയ് വരെ ഇനിയും കാത്തിരിക്കണം.
റേഷന്‍കാര്‍ഡില്‍ പേരില്ലാത്തവര്‍ താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അപേക്ഷകളും, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകളും ഇതോടൊപ്പം സ്വീകരിക്കുന്നതല്ല. നിലവില്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളില്‍ പുതിയ അംഗങ്ങളുടെ പേര് ചേര്‍ക്കല്‍, പേര് ഒഴിവാക്കല്‍ തുടങ്ങിയവയും ഇക്കാലയളവില്‍ ചെയ്യുന്നതല്ല. എന്നാല്‍ ആറ് മാസത്തേക്ക് താല്‍ക്കാലികമായി നല്‍കിയ റേഷന്‍കാര്‍ഡ് പുതുക്കാനുള്ള അപേക്ഷ ഇതോടൊപ്പം സ്വീകരിക്കും.
അപേക്ഷ നല്‍കുന്നവര്‍ക്ക് കാര്‍ഡ് എന്നുവിതരണം ചെയ്യുമെന്ന് രശീതി നല്‍കും. നൂറ് അപേക്ഷകര്‍ക്ക് ഒരു ദിവസം എന്ന നിലയിലാണ് കാര്‍ഡ് വിതരണം ചെയ്യുക .ജൂണ്‍ മുതല്‍ അപേക്ഷകന് കാര്‍ഡ് ലഭ്യമാക്കും. പുതിയ റേഷന്‍കാര്‍ഡ് അപേക്ഷ സ്വീകരണം സംബന്ധിച്ച സിവില്‍ സപ്ലൈസ് കമ്മിഷണറുടെ നിര്‍ദേശം റേഷന്‍കടകളിലും പതിപ്പിച്ചിട്ടുണ്ട്.
പുതിയ വീട്‌വച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് തറവാട്ടുവീടുകളിലെ റേഷന്‍കാര്‍ഡില്‍ നിന്ന് പേര് നീക്കം ചെയ്ത് പുതിയ കാര്‍ഡിന് അപേക്ഷിക്കണമെങ്കില്‍ മെയ് വരെ കാത്തിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ റേഷന്‍കാര്‍ഡില്‍ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇനിയും പൂര്‍ണമായി പരിഹരിക്കാനാവാത്തതിനാലാണ് പുതിയ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കല്‍ നീളുന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."