മഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട: 89.5 ലക്ഷവുമായി രണ്ടുപേര്‍ പിടിയില്‍
മഞ്ചേരി: 89.5 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര് മഞ്ചേരിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി സ്വദേശി നൂര്മഹലില് പി.പി ഷാനവാസ്(44), കൊടുവള്ളി എളേറ്റില്‍ കണ്ണിട്ടമാക്കല്‍ തോന്നിക്കണ്ടി ടി.കെ മുഹമ്മദ് മസ്ഹൂദ്(19) എന്നിവരാണ്് ഇന്നലെ രാവിലെ ഏഴരയോടെ മഞ്ചേരിക്കടുത്തുള്ള പയ്യനാട് വച്ച് വാഹന പരിശോധനക്കിടെ അറസ്റ്റിലായത്. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരിയിലും പരിസരങ്ങളിലും പൊലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇവര്‍ സഞ്ചരിച്ച റിറ്റ്സ് കാറിന്റെ ബോണറ്റിനടിയില്‍ എട്ട് പാക്കറ്റുകളിലും ഒരു കവറിലുമായി ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു പണം. രണ്ടായിരം, അഞ്ഞൂറ് കെട്ടുകളാണ് പിടികൂടിയ 89,50,100 രൂപ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴല്‍പ്പണമിടപാട് നടത്തുന്ന വന്ശൃഖലയുടെ ചെറിയ കണ്ണികളാണിവരെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം മഞ്ചേരി ജസീല ജങ്ഷനില്‍ വച്ച് കുഴല്‍പ്പണവുമായി സഞ്ചരിച്ച ബസ്ഡ്രൈവറേയും കൂട്ടാളിയേയും പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇന്നലെ പിടികൂടിയ പ്രതികള്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍തോട്ടത്തില്‍, മഞ്ചേരി എസ്.ഐ റിയാസ് ചാക്കീരി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."