ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു
പ്രിട്ടോറിയ: സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. അഴിമതിയാരോപണങ്ങളെത്തുടര്ന്നായിരുന്നു രാജി. സുമയെ മാറ്റാന്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി) തീരുമാനം എടുത്തതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം. ടെലിവിഷനിലൂടെ സുമ തന്നെയാണ് രാജിതീരുമാനം അറിയിച്ചത്.
സിറില്‍ റമഫോസയെ പുതിയ പ്രസിഡന്റായി നിയമിക്കാനാണ് പാര്‍ട്ടി തീരുമാനം. എ.എന്‍.സി അധ്യക്ഷനാണ് റമഫോസ.
കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ യോഗത്തിലാണ് വിഷയത്തില്‍ അന്തിമതീരുമാനമായത്.നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ദേശീയ എക്സിക്യൂട്ടിവ് പ്രത്യേക യോഗം ചേര്‍ന്നത്.
2019ല്‍ നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജേക്കബ് സുമയെ താഴെയിറക്കുന്നതെന്നാണ് വിവരം. റമഫോസയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ച് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് പുതിയ മുഖം ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. തൊഴിലില്ലായ്മ, അഴിമതി, സാമ്പത്തിക മുരടിപ്പ് തുടങ്ങിയവയില്‍ കുടുങ്ങിക്കിടക്കുകയാണ് രാജ്യം.
2009 മുതല്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാണ് ജേക്കബ് സുമ. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിര പോരാളിയായിരുന്ന സുമ നെല്സന് മണ്ടേലയ്ക്കൊപ്പം 10 വര്‍ഷത്തോളം കുപ്രസിദ്ധമായ റോബന് ഉപദ്വീപിലെ ജയിലില്‍ തടവുവാസം അനുഷ്ഠിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."