പുത്തന്‍വേലിക്കരയില്‍ മണല്‍ ബണ്ട് നിര്‍മാണം ആരംഭിച്ചു
പറവൂര്‍: പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ചാലക്കുടിയാറില്‍ ഉണ്ടായിട്ടുള്ള ഓരുവെള്ളത്തിന്റെ തോത് കുറക്കുന്നതിനും വേണ്ടിയുള്ള കോഴിത്തുരുത്ത് എളന്തിക്കര മണല്‍ ബണ്ട് നിര്‍മാണം ആരംഭിച്ചു. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മാണം നടക്കുന്നത്.രണ്ടു വലിയ ഡ്രഡ്ജ്ജര്‍ ഉപയോഗിച്ചാണ് മണല്‍ ബണ്ട് കെട്ടുന്നത്. പുത്തന്‍വേലിക്കര ഉള്‍പ്പെടെ നാല് പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമവും കാര്‍ഷികാവശ്യത്തിനുള്ള വെള്ളവും ലഭിക്കാതായിട്ട് ഒരുമാസം പിന്നിട്ടപ്പോഴാണ് ബണ്ട് കെട്ടാന്‍ തയാറായത്.
രൂക്ഷമായ കുടിവെള്ള ക്ഷാമം കൂടുതലും അനുഭവപ്പെട്ടത് പുത്തന്‍വേലിക്കരയിലായതിനാല്‍ രാഷ്ട്രീയ കക്ഷി വ്യത്യാസമില്ലാതെ സമര രംഗത്തായിരുന്നു. എല്‍.ഡി.എഫ് നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ നടത്തിയതിനു പുറമെ മറ്റു കര്‍ഷക സംഘടനകളും വെവ്വേറേ സമരങ്ങള്‍ നടത്തിയിരുന്നു.പിന്നീട് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നതിനു നടപടി സ്വീകരിച്ചുവെങ്കിലും ആവശ്യമായ വെള്ളം ലഭിക്കുന്നില്ല. പമ്പിംങ് നിര്‍ത്തിവച്ചതിനാല്‍ പൈപ്പ് വെള്ളവും കിട്ടാതായി. കുന്നുകര, കുഴൂര്‍, പൊയ്യ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലെ കാര്‍ഷിക മേഖലകളില്‍ ആവശ്യമായ വെള്ളം ലഭിക്കാത്തതിനാല്‍ വിളകള്‍ക്ക് ഭീഷണിയായിട്ടുണ്ട്. ഏത്തവാഴ, പലതരം പച്ചക്കറികള്‍ എന്നിവക്കും പുറമെ തെങ്ങ് കൃഷിക്കും ഓരുവെള്ള ഭീഷണി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."