കക്കൂസ് മാലിന്യം റോഡരികില്‍ തള്ളുന്നത് പതിവാകുന്നു
മട്ടാഞ്ചേരി: പടിഞ്ഞാറന്‍ കൊച്ചിയില്‍ പലയിടങ്ങളിലും രാത്രിയില്‍ കക്കൂസ് മാലിന്യം റോഡരികില്‍ നിക്ഷേപിക്കുന്നത് പതിവാകുന്നു.ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന മാലിന്യം കാനകളിലും തോടുകളിലും റോഡരികിലുമാണുസാമൂഹ്യ വിരുദ്ധര്‍ നിക്ഷേപിക്കുന്നത്.
കക്കൂസ് മാലിന്യ നിക്ഷേപം പതിവായി മാറിയതോടെ ജന ജീവിതം ദുസ്സഹമായിരിക്കുകയാണ്.അധികൃതരോട് റസിഡന്‍സ് അസോസിയേഷനുകളും മറ്റും പരാതി പറഞ്ഞ് മടുത്ത മട്ടാണ്.അധികൃതരുടെ ഒത്താശയോടെയാണ് ഇത്തരക്കാര്‍ ശുചിമുറി മാലിന്യം തള്ളുന്നതെന്നും ആക്ഷേപമുണ്ട്.പള്ളുരുത്തിയിലെ കച്ചേരിപ്പടി,കോണം,വാട്ടര്‍ ലാന്റ് റോഡ്,ഇടക്കൊച്ചി സിയന്ന കോളേജ് പരിസരം,തോപ്പുംപടി സാന്തോം കോളനി,കരുവേലിപ്പടി,ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനത്തിന് സമീപം,കൂടാതെ ആളൊഴിഞ്ഞ ഇട റോഡുകള്‍ എന്നിവടങ്ങളിലും,കുണ്ടന്നൂര്‍ പുതിയ റോഡ് പരിസരത്തും രാത്രിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്.ഇതിന് പുറമേ കൊച്ചി കായലിലും ശുചിമുറി മാലിന്യം തള്ളുന്നുണ്ട്.പള്ളുരുത്തി കച്ചേരിപ്പടിയിലെ കാനയില്‍ കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് തവണയാണ് മാലിന്യം തള്ളിയത്.
റോഡിന് സമീപത്ത് മാലിന്യം തള്ളുന്നതിനാല്‍ വഴി നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.മാലിന്യം തള്ളുന്നതിനായി ടാങ്കര്‍ ലോറികള്‍ എത്തുന്നത് വളരെ കരുതലോടെയാണ്.തള്ളുവാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ആരുമില്ലെന്ന് ആദ്യം ബൈക്കിലെത്തുന്ന സംഘം ഉറപ്പ് വരുത്തും.അതിന് ശേഷമാണ് മാലിന്യം തള്ളുക.
വലിയ പൈപ്പും വാല്‍വുമുള്ള വാഹനത്തില്‍ നിന്ന് മിനുറ്റുകള്‍ക്കകം മാലിന്യം തള്ളാന്‍ കഴിയും.അതിനാല്‍ കാത്തിരുന്ന് പിടിക്കുക പലപ്പോഴും വിഷമകരമാണ്.നേരത്തേ ഇത്തരത്തില്‍ മാലിന്യം തള്ളുന്ന ടാങ്കര്‍ ലോറികള്‍ നാട്ടുകാര്‍ പതിയിരുന്നു പിടികൂടിയിരുന്നു.ഇത്തരം ടാങ്കറുകളുടെ വാല്‍വുകള്‍ ഇടത് വശത്ത് സ്ഥാപിച്ചിരിക്കുന്നത് തന്നെ മാലിന്യം വളരെ പെട്ടെന്ന് തള്ളുവാനാണത്രേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."