മോദി രാജ്യത്തെ നയിക്കുന്നത് ഭീകരാവസ്ഥയിലേക്ക്: ജോയ്‌സ് ജോര്‍ജ് എം.പി
തൊടുപുഴ: രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് ആഘാതമേല്‍പിക്കുന്ന ഭീകരാവസ്ഥയിലേക്കാണ് മോദി രാജ്യത്തെ നയിക്കുന്നതെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി അഭിപ്രായപ്പെട്ടു. തൊടുപുഴയില്‍ നടക്കുന്ന എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സുഹൃത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന വര്‍ഗത്തിനെതിരെ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിയമനിര്‍മാണങ്ങളാണ് പാര്‍ലമെന്റില്‍ നടപ്പാക്കുന്നത്. ക്യാഷ് ലെസ് സംവിധാനത്തെക്കുറിച്ച് കേട്ടുകേള്‍വിപോലുമില്ലാത്തിടത്ത് അത് നടപ്പാക്കുന്നത് സമ്പന്ന വിഭാഗത്തിനുവേണ്ടി മാത്രമാണ്.
മിനിമം കൂലി തൊഴിലാളികളുടെ അവകാശമാണ്. ഈ നിയമത്തില്‍ മുതലാളിമാര്‍ക്ക് സൗകര്യം ചെയ്യുന്ന ഇടപെടല്‍ നടത്തുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കേന്ദ്രഭരണത്തിനെതിരേ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്ന കേരളത്തിലെ എല്‍.ഡി.എഫ് ഭരണത്തെ മറ്റ് സംസ്ഥാനങ്ങളിലെ മതനിരപേക്ഷത ആഗ്രഹിക്കുന്ന ജനങ്ങള്‍ അസൂയയോടെയാണ് നോക്കിക്കാണുന്നത് - എംപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."