സഊദിയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ്
റിയാദ്: സഊദിയില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. സഊദി എമിഗ്രെഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1.65 ലക്ഷം ഇന്ത്യക്കാരാണ് തൊഴില്‍ വിസയില്‍ സഊദിയിലെത്തിയത്. എന്നാല്‍ 2013ല്‍ ഇത് മൂന്നര ലക്ഷമായിരുന്നു.
55 ശതമാനത്തില്‍ നിന്ന് 21 ശതമാനം കുറവാണിത്. 2015ല്‍ മൂന്നു ലക്ഷം ഇന്ത്യക്കാരും തൊഴില്‍ വിസകളില്‍ സഊദിയിലെത്തി. വിദേശത്തു ജോലി ചെയ്യാന്‍ തയാറാകുന്നവര്‍ക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ് നേടുന്നതിലെ കാലതാമസവും പുതിയ തൊഴില്‍ സാഹചര്യങ്ങളുമാണ് ഇന്ത്യയില്‍ നിന്നും തൊഴിലാളികള്‍ ഗണ്യമായി കുറയാന്‍ കാരണം.
ഇന്ത്യക്കാര്‍ക്ക് ലഭിക്കേണ്ട 50 ശതമാനം ജോലികളും ബംഗ്ലാദേശ്,പാക്കിസ്താന്‍ തൊഴിലാളികള്‍ക്കായി വിഭജിക്കപ്പെട്ടു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ 2103 ല്‍ 12,000 ബംഗ്ലാദേശി തൊഴിലാളികളാണ് സഊദിയിലെത്തിയത്. എന്നാല്‍ 2016ല്‍ ഇത് 1,43,913 ആയി ഉയര്‍ന്നു. നേരത്തെ ബംഗഌദേശ് രാജ്യക്കാര്‍ക്കുള്ള വിസ അനുവദിക്കുന്നതില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് പിന്‍വലിച്ചതും ഇവരുടെ ഒഴുക്കിനു കാരണമായിട്ടുണ്ട്.
ഇതേ വര്‍ഷം പാകിസ്താനില്‍ നിന്നും 6.36 ലക്ഷം തൊഴിലാളികളും ഇവിടെയെത്തി. 2016ല്‍ ഇത് 7.71 ലക്ഷമായി ഉയരുകയും ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം കുറഞ്ഞെങ്കിലും സഊദിയിലെ തൊഴില്‍ സാധ്യതകള്‍ കുറഞ്ഞിട്ടില്ല. 2015ല്‍ ഇരുപത് ലക്ഷം വിസകളാണ് തൊഴില്‍ മന്ത്രാലയം വിവിധ രാജ്യങ്ങള്‍ക്ക് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."