നവകേരള മിഷന് പഞ്ചായത്തുകളെ ശക്തിപ്പെടുത്തും: ചീഫ് സെക്രട്ടറി
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നവകേരള മിഷന് പദ്ധതികള്‍ പഞ്ചായത്തുകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനങ്ങള്‍ക്ക് പഞ്ചായത്തുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുമെന്നു ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്. പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവകേരളത്തിനായി ജനകീയാസൂത്രണം എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവകേരള മിഷന് വഴി പഞ്ചായത്തുകള്‍ക്കു കൂടുതല്‍ പിന്തുണ ലഭിക്കുന്നതോടെ ഓരോ പദ്ധതികളുടെയും ഗുണനിലവാരം വര്‍ധിക്കും. പദ്ധതി വഴി പഞ്ചായത്തുകള്‍ക്കു കൂടുതല്‍ ഫണ്ട് ലഭിക്കുന്നതോടെ ജനോപകാരപ്രദമായ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും. നവകേരള മിഷന് പദ്ധതിയെക്കുറിച്ചും ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, വിദ്യാഭ്യാസ സംരക്ഷണം എന്നീ നാലു പദ്ധതികളെക്കുറിച്ചും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷയായി. പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.പി അജിത് കുമാര്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ആര് സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് വൈസ് പ്രസിഡന്റ് അബ്ദുല്‍ജബ്ബാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."