കണ്ണൂരിന്റെ സമാധാനത്തിന് ജനമൈത്രി സജീവമാക്കും
കണ്ണൂര്‍: കണ്ണൂരില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായി ജനമൈത്രി പൊലിസിങ് സംവിധാനം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയില്‍ ഇടക്കിടെ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളിലെ പൊലിസ് സ്റ്റേഷനുകളിലെല്ലാം ജനമൈത്രി സംവിധാനം വ്യാപകമാക്കും.
കൂടുതല്‍ പൊലിസിനെ സ്റ്റേഷനുകളില്‍ നിയോഗിച്ച് ജനമൈത്രി സംവിധാനം സജീവമാക്കിയാല്‍ ക്രമസമാധാനപാലനത്തില്‍ അത് വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് ജില്ലാ പൊലിസ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ബോംബ്, ആയുധ പരിശോധനക്കായി കൂടുതല്‍ പൊലിസിനെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
നേരത്തെ ഇടതു സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ജനമൈത്രി സംവിധാനം ഭരണമാറ്റത്തോടെയാണ് നിലക്കുന്ന അവസ്ഥയില്‍ എത്തിയത്. പൊലിസ് സ്‌റ്റേഷന്‍ പരിധിയെ വിവിധ സോണുകളായി തിരിച്ച് അത്തരം പ്രദേശങ്ങളില്‍ നിരന്തര സന്ദര്‍ശനം നടത്തി അവിടങ്ങളില്‍ നടക്കുന്ന ചെറിയ പ്രശ്‌നങ്ങളില്‍ പോലും ഇടപെട്ട് പരിഹരിക്കുന്നതിനുള്ള ബീറ്റ് പൊലിസ് സംവിധാനം ജനമൈത്രി പൊലിസിംഗ് സംവിധാനത്തിലൂടെ നടപ്പാക്കിയപ്പോള്‍ അത് വലിയ പ്രതീക്ഷയായിരുന്നു. നാട്ടിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും മുന്‍കൂട്ടി ബീറ്റ് പൊലിസിന് അറിയാന്‍ കഴിഞ്ഞതോടെ അത്തരം പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ തന്നെ പരിഹരിക്കാന്‍ പൊലിസിനായിരുന്നു. ജനമൈത്രി പൊലിസായി പ്രവര്‍ത്തിക്കുന്നയാളെ മറ്റ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കാതെ പൂര്‍ണ്ണമായി അതിനു വേണ്ടി തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് ജില്ലാ പൊലിസ് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്നത്.
ജനമൈത്രി സംവിധാനം ഉടന്‍ നടപ്പാക്കേണ്ട പൊലിസ് സ്റ്റേഷനുകളുടെ ലിസ്റ്റും കൂടുതലായി നിയോഗിക്കപ്പെടേണ്ട പൊലിസുകാരുടെ എണ്ണവും സംബന്ധിച്ച റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ ജനമൈത്രി സംവിധാനം നിലനില്‍ക്കുന്ന പൊലിസ് സ്റ്റേഷനുകളില്‍ ഉടന്‍ അവ സജീവമാക്കാന്‍ ജില്ലാ പൊലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമായി പരിശോധന നടത്താന്‍ ആകെയുള്ളത് മൂന്ന് യൂനിറ്റുകളും വിരലിലെണ്ണാവുന്ന പൊലിസുകാരുമാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ ബോംബ് പരിശോധന സ്‌ക്വാഡിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായില്ല.
ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനം ഉണ്ടാവണമെന്ന് നിലവിലെ അവസ്ഥ വെച്ച് ആഭ്യന്തര വകുപ്പിന് ജില്ലാ പൊലിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."