നീരവ് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കി തട്ടിപ്പില്‍ എസ്.ബി.ഐയും അകപ്പെട്ടു; നഷ്ടമായത് 1360 കോടി
ന്യൂഡല്‍ഹി: പി.എന്‍.ബിയില്‍ നിന്ന് കോടിക്കണക്കിന് പണം തട്ടിയ വജ്രവ്യാപാരി നീരവ് മോദിയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. നീരവിന്റെ ബിസിനസ് പങ്കാളിയും ഭാര്യയുടെ അമ്മാവനുമായ മെഹുല്‍ ചോസ്കിയുടെ പാസ്പോര്‍ട്ടും റദ്ദാക്കിയിട്ടുണ്ട്. സി.ബി.ഐ-എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് നാലാഴ്ചത്തേക്ക് പാസ്പോര്‍ട്ട് അസാധുവാക്കിയത്. ഇത് സ്ഥിരമായിട്ടാക്കാതിരിക്കണമെങ്കില് ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പി.എന്‍.ബി, നീരവ് മോദിക്കു നല്കിയ ജാമ്യരേഖ(എല്‍.ഒ.യു) ആധാരമാക്കി 1360 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു. എന്നാല്‍ നീരവ് മോദിയുമായി നേരിട്ട് ഇടപാടില്ലെന്നും എസ്.ബി.ഐ അറിയിച്ചു.
പി.എന്‍.ബിയില്‍ നിന്നുള്ള ജാമ്യ രേഖയുടെ അടിസ്ഥനത്തിലാണ് പണം നല്‍കിയത്. അതനുസരിച്ച് നീരവ് പണം തിരിച്ചടച്ചിട്ടില്ലെങ്കില്‍ ബാധ്യത തീര്‍ക്കേണ്ടത് പി.എന്‍.ബിയുടെ ചുമതലയാണെന്നും എസ്.ബി.ഐ അറിയിച്ചു.
എന്നാല്‍ നീരവിന്റെ കുടുംബ സ്വത്തായ ഗീതാഞ്ജലി കമ്പനിയുമായി എസ്.ബി.ഐക്ക് നേരിട്ട് ഇടപാടുണ്ട്. അത് തുച്ഛമായ തുകയാണെന്നും ഇക്കാര്യത്തില്‍ ബാങ്കിന് ആശങ്കയില്ലെന്നും എസ്.ബി.ഐ ചെയര്മാന് രജ്നിഷ് കുമാര്‍ വ്യക്തമാക്കി. ജ്വല്ലറി-വജ്ര മേഖലയില്‍ കുറഞ്ഞതോതില്‍ മാത്രമാണ് എസ്.ബി.ഐ വായ്പയായി നല്‍കാറുള്ളൂ. ആകെ നല്കുന്ന വായ്പയില്‍ ഒരു ശതമാനം മാത്രമേ ഇത് വരികയുള്ളൂ എന്നും രജ്നിഷ് കുമാര്‍ പറഞ്ഞു.
പി.എന്‍.ബിക്കുണ്ടായ നഷ്ടം നീരവ് മോദിയില്‍ നിന്ന് ഈടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ഇക്കാര്യത്തില്‍ തെറ്റ് ചെയ്ത എല്ലാവര്‍ക്കെതിരേയും നടപടിയുണ്ടാകും. ഇതുവരെ 10 ഓഫിസര്‍മാര്‍ക്കെതിരേ നടപടിയുണ്ടായിട്ടുണ്ട്. 30 ബാങ്കുകളെങ്കിലും നീരവ് മോദിക്ക് വായ്പ നല്‍കിയിട്ടുണ്ടെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. ഇതെല്ലാം പി.എന്‍.ബി നല്കിയ ജാമ്യ രേഖയുടെ അടിസ്ഥാനത്തിലാണ്.
എട്ട് ജാമ്യ രേഖകളാണ് പി.എന്‍.ബി നല്‍കിയതെന്നാണ് അവര്‍ സി.ബി.ഐയോട് പറഞ്ഞത്. എന്നാല്‍ 142 ജാമ്യ രേഖകള്‍ നല്‍കിയതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഇത് ഏതൊക്കെ ബാങ്കുകളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഒരു ബാങ്കുകളും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടില്ലെന്നും സി.ബി.ഐ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."