എസ്.എസ്.എല്‍.സി: ഇത്തവണ അതീവ ജാഗ്രത
മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തെ തുടര്‍ന്ന് ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ അതീവജാഗ്രതയോടെ. ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതുമുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.
സ്വകാര്യ ട്യൂഷന്‍ സെന്റര്‍ തയാറാക്കിയ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ചതിനെചൊല്ലി കഴിഞ്ഞ വര്‍ഷമുണ്ടായ വിവാദം വിദ്യാഭ്യാസ വകുപ്പിന് ഏറെ പേരുദോഷം വരുത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന് കണക്കുപരീക്ഷ വീണ്ടും നടത്തിയാണ് സര്‍ക്കാര്‍ മുഖം രക്ഷിച്ചത്.
സംസ്ഥാനത്തെ സ്വകാര്യ ബസ് പണിമുടക്ക് നടന്നുകൊണ്ടിരിക്കുന്ന എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയെ സാരമായി ബാധിച്ചിട്ടില്ല. 21നാണ് മോഡല്‍ പരീക്ഷ അവസാനിക്കുന്നത്. ഇതിനു പിന്നാലെ 22ന് ആരംഭിക്കുന്ന ഐ.ടി പരീക്ഷ മാര്‍ച്ച് രണ്ടുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് ഏഴിന് തുടങ്ങി 28വരെയാണ് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ.
സംസ്ഥാനത്താകെ ഇത്തവണ 4,41,097 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ 14811 പേരുടെ കുറവുണ്ട്. എങ്കിലും പരീക്ഷയുടെ നടപടിക്രമങ്ങളില്‍ യാതൊരുതരത്തിലും വിട്ടുവീഴ്ച വരുത്തരുതെന്നാണ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. 2935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്്. സംസ്ഥാനത്തെ 1160 ഗവണ്‍മെന്റ് വിദ്യാലയങ്ങളും 1433 എയ്ഡഡ് വിദ്യാലയങ്ങളും 453 അണ്‍ എയ്ഡഡ് സ്‌കൂളുകളും പരീക്ഷാകേന്ദ്രങ്ങളാണ്.
വാര്‍ഷിക പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നിരന്തര മൂല്യനിര്‍ണയത്തില്‍ കുട്ടിക്ക് ലഭിച്ച മാര്‍ക്കുകൂടി രേഖപ്പെടുത്തിയ ഹാള്‍ടിക്കറ്റില്‍ വേറെയും പുതുമകളുണ്ട്. ഇംഗ്ലീഷിനു പുറമേ പ്രാദേശിക ഭാഷകളായ മലയാളം, തമിഴ്, കന്നട എന്നിവയിലൊന്നിലും പരീക്ഷാര്‍ഥിയുടെ പേര് രേഖപ്പെടുത്തിയാണ് ഇത്തവണത്തെ ഹാള്‍ടിക്കറ്റ്.
ആണ്‍കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതാന്‍ കൂടുതല്‍. 2,24560 ആണ്‍കുട്ടികളും 2,16,537 പെണ്‍കുട്ടികളും പരീക്ഷ എഴുതും. 2718 വിദ്യാര്‍ഥികള്‍ പ്രൈവറ്റായി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് എയ്ഡഡ് സ്‌കൂളുകളിലാണ്. 2,64,980 പേര്‍ എയ്ഡഡ് മേഖലയിലും 1,44,999 പേര്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലും പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷ എഴുതുന്ന റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. 2422 പേര്‍ പരീക്ഷ എഴുതുന്ന മലപ്പുറത്തെ എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാമത്്. രണ്ടുവിദ്യാര്‍ഥികള്‍ മാത്രം പരീക്ഷയെഴുതുന്ന ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ്് സ്‌കൂളിലാണ് കുറവ് പരീക്ഷാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."