ത്രിരാഷ്ട്ര ടി20: ഇംഗ്ലണ്ടിനോട് തോറ്റിട്ടും ന്യൂസിലന്‍ഡ് ഫൈനലില്‍
ഹാമില്ട്ടന്: ത്രിരാഷ്ട്ര ടി20 പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് വിജയം. നാടകീയ മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ട് റണ്‍സിന് ന്യൂസിലന്‍ഡിനെ വീഴ്ത്തി ആശ്വാസം കൊണ്ടു. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മുന്‍ മത്സരങ്ങളിലെ വിജയങ്ങളുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡ് ഫൈനലിലേക്ക് മുന്നേറി. ഈ മാസം 21 നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡ്- ആസ്ത്രേലിയയുമായി ഏറ്റുമുട്ടും.
ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. വിജയം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന്റെ പോരാട്ടം നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സില്‍ അവസാനിച്ചു. മാര്ട്ടിന് ഗുപ്റ്റില്‍ (62), കോളിന് മണ്‍റോ (57) സഖ്യം ഒരിക്കല്‍ കൂടി മിന്നല്‍ ബാറ്റിങുമായി കളം നിറഞ്ഞ് കിവികള്‍ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ പിന്നീടെത്തിയവര്‍ക്ക് സാധിക്കാതെ പോയി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 6.3 ഓവറില്‍ അടിച്ചെടുത്തത് 78 റണ്‍സ്. അവസാന ഓവറില്‍ ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 12 റണ്‍സ് വേണമായിരുന്നു. ഈ ഓവര്‍ എറിഞ്ഞ ടോം ക്യുറന്‍ ഒന്‍പത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഇംഗ്ലണ്ടിന് നാടകീയ വിജയമൊരുക്കിയത്. ചാപ്മാന് പുറത്താകാതെ 37 റണ്‍സെടുത്തു. 21 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും സഹിതമാണ് മണ്‍റോ57 റണ്‍സ് വാരിയത്. ഗുപ്റ്റില്‍ 47 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും പറത്തി.
നേരത്തെ ടോസ് നേടി ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഇയാന്‍ മോര്ഗന് പുറത്താകാതെ നേടിയ 80 റണ്‍സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് പൊരുതാവുന്ന സ്കോറിലെത്തിയത്. 46 പന്തില്‍ ആറ് സിക്സും നാല് ഫോറും സഹിതമാണ് മോര്ഗന് അര്‍ധ സെഞ്ച്വറി നേടിയത്. 36 പന്തില്‍ അഞ്ച് സിക്സും രണ്ട് ഫോറും സഹിതം 53 റണ്‍സെടുത്ത് ഡേവിഡ് മാലന് ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലീഷ് ടീം മികച്ച സ്കോറിലേക്ക് കുതിച്ചു. കിവീസ് നിരയില്‍ ട്രെന്റ് ബോള്‍ട്ട് മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മോര്‍ഗനാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."